ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ മരുന്നു നിർമാതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. 18 കുട്ടികളാണ് നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന ‘ഡോക്-1-മാക്‌സ്’ (Dok-1-Max) എന്ന കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനിൽ മരിച്ചത്. മാരിയോൺ ബയോടെക്കിന്റെ ഉൽപാദന ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
സിറപ്പിൽ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ശേഖരിച്ച 36 സാംപിളുകളിൽ 22ലും വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡോക്-1-മാക്‌സ് കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിനു പിന്നാലെയാണ് ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്സ് കൺട്രോളർ ജനറലിനോട് സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ചു.
മാരിയോൺ ബയോടെക്കിൽനിന്ന് ഡിസിജിഐ റിപ്പോർട്ട് തേടി. കുട്ടികളുടെ മരണത്തെത്തുടർന്നു ‘ഡോക്1 മാക്‌സ്’ ടാബ്ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നു കടകളിൽ നിന്നും പിൻവലിക്കുകയും ചെയ്തിരുന്നു.

