Highlights (Page 55)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകേണ്ട ദുരിതാശ്വാസ ഫണ്ട് പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും വീതംവെച്ചു നൽകിയത് പിച്ച ചട്ടിയിൽ കൈയിട്ടുവാരുന്നതിനു തുല്യമാണെന്ന് എസ്ഡിപിഐ വിമർശിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് എസ്ഡിപിഐ ഇക്കാര്യം അറിയിച്ചത്.

വിവിധ ജില്ലകളിലെ പ്രാഥമിക പരിശോധനയിൽ തന്നെ വൻ തട്ടിപ്പാണ് കണ്ടെത്തിയിരുന്നതെങ്കിലും ചെപ്പടി വിദ്യയിലൂടെ കോടികളുടെ തട്ടിപ്പ് മറച്ചു പിടിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ്. കലക്ടറേറ്റുകളിലും വില്ലേജ് ഓഫിസുകളിലും മുഖ്യമന്ത്രിയുടെ ഓഫിസിലും മതിയായ പരിശോധനകൾ നടത്തിയിട്ടില്ല. കലക്ടറേറ്റുകളിൽ ഏജന്റുമാർ നൽകുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്. അപേക്ഷകളിൽ പരിശോധന നടത്തി ഫണ്ട് നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. തട്ടിപ്പുകളുടെ അന്വേഷണം സിപിഎം നേതാക്കളിലെത്തുമ്പോൾ ആവിയായി പോവുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, അജ്മൽ ഇസ്മായീൽ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ, ട്രഷറർ അഡ്വ. എ കെ സ്വലാഹുദ്ദീൻ, അഷ്‌റഫ് പ്രാവച്ചമ്പലം, അൻസാരി ഏനാത്ത് സംസാരിച്ചു.

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയ്ക്ക് നാളെ സമാപനം കുറിയ്ക്കും. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ആരംഭിച്ച യാത്ര അസമിലെ ദിബ്രുഗഡിലാണ് അവസാനിക്കുന്നത്. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെ ക്രൂസ് സഞ്ചരിച്ചു. ക്രൂസിലൂടെ 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിച്ചത്. 50 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം ക്രൂസ് പിന്നിട്ടു.

വാരാണസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ കാണാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിച്ചു. കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലൂടെയും ക്രൂസ് സഞ്ചരിച്ചു. 62 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് ഈ ആഢംബര നൗകയ്ക്കുള്ളത്. 3 ഡെക്കുകളും 32 സഞ്ചാരികൾക്ക് കഴിയാൻ സാധിക്കുന്ന വിധത്തിലുള്ള 18 സ്വീറ്റ് റൂമുകളും നൗകയിലുണ്ട്. സംഗീത, സാംസ്‌കാരിക പരിപാടികൾ, ബാർ, ജിം, സ്പാ, കാഴ്ചകൾ കാണാനുള്ള തുറന്ന ഡെക്, ബട്‌ലറുടെ സേവനം തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. ചരിത്രപരവും സാംസ്‌കാരികപരവും മതപരവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ യാത്രയ്ക്ക് ഇടവേളകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ പൈതൃകം മനസിലാക്കുന്ന വിധത്തിൽ യാത്രാ വിവരണങ്ങളും കപ്പലിൽ ക്രമീകരിച്ചിട്ടുണ്ട്.

കണ്ണൂർ: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്ത് പോലീസ്. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മുഴക്കുന്ന് പോലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു നടപടി. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദ്ദമാണ് ആകാശ് തില്ലങ്കേരിക്കെതിരെയുള്ള നടപടിയ്ക്ക് പിന്നിലെന്ന ആരോപണം ഉയരുന്നുണ്ട്.

ഷുഹൈബിനെ കൊന്നത് താനാണെന്ന ആകാശിന്റെ വെളിപ്പെടുത്തൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു.

ഒരു തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാര്‍ കാര്‍ഡില്‍ ഉപഭോക്താവിന്റെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്‌കാനുകള്‍ തുടങ്ങിയ ബയോമെട്രിക് ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. അതിനാല്‍, ആധാര്‍ എല്ലായ്പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍, പലര്‍ക്കും ഇത് എങ്ങനെ ചെയ്യണമെന്ന് അറിയില്ല. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എസ്എംഎസ് വഴി അവരുടെ ആധാര്‍ നമ്പറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയും. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

ആധാര്‍ നമ്പര്‍ ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ആര്‍ക്കും നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കാനോ അതിലൂടെ പരിശോധന നടത്താനോ കഴിയില്ല. ഒരു വ്യക്തി സ്ഥിരീകരണത്തിനായി നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡുകളുടെ ദുരുപയോഗം ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും. വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ വഴി നിങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ എങ്ങനെ ലോക്ക് ചെയ്യാം എന്നറിയാം.

നിങ്ങളുടെ ആധാര്‍ നമ്പര്‍ ലോക്ക് ചെയ്യുന്നതിന് യുഐഡിഎഐ വെബ്സൈറ്റ് (https://resident.uidai.gov.in/aadhaar-lockunlock) സന്ദര്‍ശിക്കാം, ‘എന്റെ ആധാര്‍’ എന്ന തലക്കെട്ടിന് താഴെയുള്ള ആധാര്‍ ലോക്ക് & അണ്‍ലോക്ക് സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ എങ്ങനെ ആധാര്‍ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങള്‍ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പര്‍, മുഴുവന്‍ പേര്, പിന്‍ കോഡ് എന്നിവ നല്‍കുക. ഒട്ടിപി ലഭിക്കാന്‍, 1947-ലേക്ക് നിങ്ങളുടെ ആധാര്‍ നമ്പറിന്റെ 4, 8 നമ്പറുകള്‍ക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒട്ടിപി ലഭിച്ചു കഴിഞ്ഞാല്‍ സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ആധാര്‍ നമ്പര്‍ വെരിഫിക്കേഷനായി ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയില്ല.

റായ്പുർ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു യാത്ര നടത്താൻ പദ്ധതിയിട്ട് കോൺഗ്രസ്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് തുടങ്ങി പടിഞ്ഞാറിൽ അവസാനിക്കുന്ന യാത്ര നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സജീവമായ ആലോചനയിലാണെന്ന് കോൺഗ്രസ് വാക്താവ് ജയ്റാം രമേശ് വ്യക്തമാക്കി.

അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ പോർബന്തറിൽ അവസാനിക്കുന്നതാകും കിഴക്ക്-പടിഞ്ഞാറ് യാത്ര. എന്നാൽ തെക്ക്-വടക്ക് ഭാരത് ജോഡോ യാത്രയിൽ നിന്ന് വ്യത്യസ്തമായ ഒരു ഫോർമാറ്റായിരിക്കാം പുതിയ യാത്രയ്ക്കെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഭാരത് ജോഡോ യാത്രയെ പോലുള്ള വൻസന്നാഹങ്ങളൊന്നും പുതിയ യാത്രയ്ക്ക് ഉണ്ടാകാനിടയില്ലെന്നാണ് വിവരം. കൂടാതെ യാത്രികരുടെ എണ്ണത്തിലും കുറവ് വന്നേക്കുമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.

ഏപ്രിൽ, നവംബർ മാസങ്ങളിൽ ചില സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ജൂണിന് മുമ്പോ നവംബറിന് മുമ്പോ യാത്ര നടത്തേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.

ന്യൂഡൽഹി: പൊതുജനങ്ങൾ പ്ലാസ്റ്റിക് ബാഗിന് പകരം തുണി സഞ്ചി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 98 -ാം പതിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്തത്.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് മാലിന്യ സംസ്‌കരണം. സ്വച്ഛ് ഭാരത് ശുചീകരണ യജ്ഞങ്ങളിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനും ജനങ്ങളിൽ ശുചിത്വ ബോധം വളർത്താനും വലിയ തോതിൽ പ്രയോജനപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൻ കീ ബാത്തിലൂടെ അദ്ദേഹം എല്ലാവർക്കും ഹോളി ആശംസകൾ നേരുകയും ചെയ്തു.

പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ രാജ്യത്തെ സ്ത്രീകൾ വലിയ തോതിൽ പങ്കാളികളാകുന്നുണ്ട്. പാൽക്കവറുകളിൽ നിന്നും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നും കൂടകളും മൊബൈൽ സ്റ്റാൻഡുകളും നിർമ്മിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങൾ പ്രചരിപ്പിക്കണമെന്ന തന്റെ ആഹ്വാനത്തോട് മികച്ച പ്രതികരണമായിരുന്നു ജനങ്ങളിൽ നിന്ന് ലഭിച്ചത്. എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങിയ അപൂർവ രക്തജന്യ രോഗങ്ങൾ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിലൂടെ രോഗികളെ കൃത്യമായി ട്രാക്ക് ചെയ്ത് ചികിത്സയും സഹായങ്ങളും എത്തിക്കാൻ സാധിക്കും. മാത്രമല്ല അടിയന്തരഘട്ടത്തിൽ രോഗികളെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാനും കഴിയും. രോഗം ബാധിച്ച സിക്കിൾസെൽ രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് സേവനം ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനായി കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രക്തജന്യ രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കും. രോഗീസൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. മാനന്തവാടി ആശുപത്രിയിൽ 10 കിടക്കകളുള്ള പ്രത്യേക വാർഡ് ഇവർക്കായി സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗികൾക്ക് ക്യൂ സമ്പ്രദായം ഒഴിവാക്കിയിട്ടുണ്ട്. മാനന്തവാടി ആശുപത്രിയിൽ പരിശോധനകൾക്കായി 12 ലക്ഷത്തിന്റെ എച്ച്പിസിഎൽ മെഷിൻ സജ്ജമാക്കി. സ്‌ക്രീനിംഗ് ഏകോപനത്തിന് സിക്കിൾ സെൽ പ്രോജക്ട് കോർഡിനേറ്ററെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിചെയ്തു വരുന്ന ലാബ് ടെക്നിഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചു. വയനാട്ടിലെ 16 ആശുപത്രികളിലെ എല്ലാ ലാബ് ടെക്നീഷ്യൻമാർക്കും റിഫ്രഷർ പരിശീലനം നൽകി. പ്രാഥമിക സ്‌ക്രീനിംഗ് നടത്തി സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി വരുന്നു. ആവശ്യമായ സർജറിയും ചെയ്തുവരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗികൾക്ക് സഹായവുമായി ആശാധാര പദ്ധതി വിപുലീകരിച്ചു. ഈ പദ്ധതിയ്ക്ക് കീഴിൽ ഓരോ പ്രധാന സർക്കാർ ആശുപത്രികളിലും പരിശീലനം നേടിയ ഫിസിഷ്യൻമാരുടേയും പരിശീലനം സിദ്ധിച്ച അർപ്പണബോധമുള്ള സ്റ്റാഫ് നഴ്‌സിന്റേയും സേവനം ലഭ്യമാക്കി വരുന്നു. ആദിവാസി രോഗബാധിതർക്ക് ട്രൈബൽ വകുപ്പ് വഴിയും ആദിവാസി ഇതര സിക്കിൾസെൽ അനീമിയ രോഗികൾക്ക് കെ.എസ്.എസ്.എം. വഴിയും പെൻഷൻ നൽകി വരുന്നു. ഒരു രോഗിക്ക് പ്രതിമാസം നൽകുന്ന സൗജന്യ ഭക്ഷണ കിറ്റിന്റെ തുക വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. പെൻഷൻ ലഭ്യമല്ലാത്ത മുഴുവൻ രോഗികൾക്കും സഹായം ഉറപ്പാക്കുമെന്ന് വീണാ ജോർജ് പറഞ്ഞു. രക്തജന്യ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി വയനാട്ടിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് കെയർ സെന്ററിന്റെ വിശദമായ പ്രപ്പോസൽ തയ്യാറാക്കാനും മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം: ആറ്റുകാല്‍ ഉത്സവചടങ്ങുകള്‍ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 4.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ടിനും തുടക്കമാകും. മാര്‍ച്ച് ഏഴിന് രാവിലെ 10.30-നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദ്യം.

കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം തുടങ്ങുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ന് ദേവിയെ പള്ളിയുണര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ബുധനാഴ്ച രാവിലെ 9.20-ന് കുത്തിയോട്ട വ്രതാരംഭം. കോവിഡ് സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി പണ്ടാരയോട്ടത്തിന് ഒരു ബാലന്‍ മാത്രമേ വ്രതം അനുഷ്ഠിച്ചിരുന്നുള്ളൂ. ഇത്തവണ 10-നും 12-നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കുത്തിയോട്ടം. 747 ബാലന്മാര്‍ വ്രതം നോല്‍ക്കും. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഒന്‍പതാം ഉത്സവദിവസമായ മാര്‍ച്ച് ഏഴിനാണ് പൊങ്കാല. കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞാലുടന്‍ ശ്രീകോവിലില്‍നിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി.കേശവന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലും സഹമേല്‍ശാന്തി അഗ്നിപകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. കുത്തിയോട്ടവ്രതം അനുഷ്ഠിക്കുന്ന കുട്ടികളെ രാത്രി 7.45-ന് ചൂരല്‍കുത്തും. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിനു ശേഷം പിറ്റേന്ന് രാവിലെ ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.15-ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിനു കുരുതിതര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം പണ്ടാര അടുപ്പില്‍ മാത്രമായി പൊങ്കാല സമര്‍പ്പണം പരിമിതപ്പെടുത്തിയിരുന്നു. ഭക്തര്‍ വീടുകളിലാണ് പൊങ്കാല അര്‍പ്പിച്ചത്. ഇക്കുറി പരമ്പരാഗത രീതിയില്‍ നഗരമെങ്ങും പൊങ്കാലക്കളമാകും. നിവേദിക്കാന്‍ 300 പൂജാരിമാരെ ക്ഷേത്രം ട്രസ്റ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാഷിങ്ടൺ: പാകിസ്താനും ശ്രീലങ്കയ്ക്കും ചൈന വായ്പ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക രംഗത്ത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് പണം കടം നൽകുന്നത് വഴി അവരെ ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണൾഡ് ലൂ ആണ് ഇക്കാര്യം അറിയിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് ഒന്നു മുതൽ മൂന്നു വരെയാണ് ആന്റണി ബ്ലിങ്കൻ ഇന്ത്യ സന്ദർശിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തും. ചൈന പോലെയുള്ള ബാഹ്യശക്തികളുടെ പ്രേരണയില്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരോടു സംസാരിക്കും. യു.എസ് ഇന്ത്യയുമായി ചൈനയെ സംബന്ധിച്ച് തന്ത്രപ്രധാനമായ ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനികബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. സൈനിക കരാറുകൾ പൂർത്തീകരിക്കുന്നതിൽ റഷ്യ വലിയ വെല്ലുവിളികൾ നേരിടുന്ന സമയമാണിതെന്നായിരുന്നു ലൂ പറഞ്ഞത്.

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 36 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ ജില്ലകളില്‍ രാത്രിയില്‍ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പകല്‍ ചൂട് കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.

ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അറിയാം…

പൊതുജനങ്ങള്‍ രാവിലെ11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപ്പിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് സുമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജ്ജലീകരണം തടയുവാന്‍ സഹായിക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍,വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.