ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് 13-ാം ഗഡു അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 16,000 കോടി രൂപയുടെ വിതരണത്തിന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്. പിഎം കിസാൻ സമ്മാൻ നിധി വഴി ചെറുകിട കർഷകരുടെ അക്കൗണ്ടുകളിൽ ഇതുവരെ 2.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിൽ 50,000 കോടിയിലധികം സ്ത്രീ കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ പണം കർഷകരുടെ ചെറുതും എന്നാൽ നിർണായകവുമായ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
എട്ട് കോടിയിലധികം ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ് പി എം കിസാൻ പദ്ധതി. 2000 രൂപ വീതം മൂന്ന് ഘട്ടങ്ങളിലായി പ്രതിവർഷം 6000 രൂപ കർഷകർക്ക് ലഭിക്കും.
അതേസമയം, പുനർനിർമിച്ച ബെലഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് റെയിൽവേ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെലഗാവിയിലെ ലോണ്ട-ബെലഗാവി-ഘടപ്രഭ സെക്ഷനുകൾക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്ന മറ്റൊരു റെയിൽവേ പദ്ധതി. ഏകദേശം 930 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ പദ്ധതി, തിരക്കേറിയ മുംബൈ – പൂനെ – ഹുബ്ബള്ളി – ബംഗളൂരു റെയിൽവേ ലൈനിലെ ലൈൻ ശേഷി വർദ്ധിപ്പിക്കുകയും മേഖലയിലെ വ്യാപാരം, വാണിജ്യം, സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബെലഗാവിയിൽ ജൽ ജീവൻ മിഷന്റെ കീഴിലുള്ള ആറ് ബഹുഗ്രാമ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു, 1585 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന പദ്ധതി 315 ലധികം ഗ്രാമങ്ങളിലെ 8.8 ലക്ഷം ജനങ്ങൾക്ക് പ്രയോജനം ചെയ്യും.

