ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ കഴിയില്ല; ആവശ്യം തള്ളി സർക്കാർ

കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം തള്ളി സംസ്ഥാന സർക്കാർ. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യമാണ് സർക്കാർ തളളിയത്.

56 വയസ് ആണ് ഹൈക്കോടതി ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നൽകിയ മറുപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചിഫ് സെക്രട്ടറിയാണ് മറുപടി നൽകിയത്.

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജി ആദ്യം പരിഗണിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായവും കോടതി തേടിയിരുന്നു.