Highlights (Page 53)

ന്യൂഡല്‍ഹി: ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് സൈനികര്‍ക്ക് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

‘ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണം. മറ്റ് ഫോണുകളിലേക്ക് മാറുന്നതാണ് ഉചിതം. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിര്‍മിച്ച ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുടുംബാംഗങ്ങളെയും വ്യക്തികളെയും പിന്തിരിപ്പിക്കണം’- ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഒപ്പോ, വണ്‍ പ്ലസ്, റിയല്‍ മീ, ഓണര്‍, ഇന്‍ഫിനിക്‌സ്, ജിയോണി, എസുസ് എന്നിങ്ങനെ 12 ഓളം ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണുകളാണ് നിലവില്‍ വിപണിയിലുള്ളത്

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ സംസ്‌ക്കരിക്കാൻ നിർദേശം നൽകും. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് വിൻഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയർ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരടങ്ങിയ എംപവേർഡ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കും. മന്ത്രിമാരും മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികൾ കലക്ടർ രേണു രാജ് വിശദീകരിച്ചു. മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ്, പോലിസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്മോൾഡറിങ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടുത്തത്തിന്റെ ആക്കം കൂട്ടി.

തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്‌നിശമന രക്ഷ സേനയുടെ ശ്രമങ്ങൾക്ക് പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി. കത്തിപ്പടരുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടർന്നു. ഇതുവഴിയാണ് പ്ലാൻറിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. അഗ്‌നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.

ബ്രഹ്മപുരം പ്ലാൻറിൽ തീപിടുത്തമുണ്ടായ വിവരം ലഭിച്ചത് മുതൽ ജില്ലാ ഭരണകൂടം തീയണയക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വരികയാണ്. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 300 അഗ്‌നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകൾ, 4 ഹെലികോപ്റ്ററുകൾ, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകൾ, 36 ഹിറ്റാച്ചി ജെസിബികൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനം നടത്തി വരികയാണ്.

യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, എം ബി രാജേഷ്, വീണ ജോർജ്, കൊച്ചി മേയർ എം.അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ വി പി ജോയി, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ വി വേണു, ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ഫയർ ഫോഴ്‌സ് ഡയറക്ടർ ബി സന്ധ്യ, ജില്ലാ കലക്ടർ ഡോ രേണു രാജ് തുടങ്ങിയവർ സംസാരിച്ചു. എയർഫോഴ്‌സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പങ്കെടുത്തു.

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്.

ഹൈറേഞ്ചിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സമയബന്ധിതമായി ഇടുക്കി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് മികച്ച സൗകര്യങ്ങളൊരുക്കാനായി നിരവധി തവണ പ്രത്യേക യോഗം ചേർന്ന് തുക അനുവദിച്ചത്. മറ്റ് മെഡിക്കൽ കോളേജുകൾ പോലെ ഇടുക്കി മെഡിക്കൽ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

പത്തോളജി വിഭാഗത്തിൽ 60 ബൈനാകുലർ മൈക്രോസ്‌കോപ്പ്, ആട്ടോമെറ്റിക് പ്രോസസർ, റോട്ടറി മൈക്രോടോം, ഇൻകുബേറ്റർ, സെൻട്രിഫ്യൂജ് ക്ലിനിക്കൽ, ഒഫ്ത്താൽമോസ്‌കോപ്പ് മൈക്രോബയോളജി വിഭാഗത്തിൽ 50 എൽഇഡി ബൈനാകുലർ മൈക്രോസ്‌കോപ്പ്, മാനിക്യുനികൾ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ മുതിർന്നവരുടേയും കുട്ടികളുടേയും വെയിറ്റിംഗ് മെഷീൻ, ഫസ്റ്റ് എയ്ഡ് കിറ്റ്, 60 ഹീമോഗ്ലോബിനോമീറ്റർ, മോഡ്യുലാർ ലാബ്, മൈക്രോബയോളജി, ഫാർമക്കോളജി വിഭാഗങ്ങളിൽ ആവശ്യമായ മെഡിക്കൽ സാമഗ്രികൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. ഇതുകൂടാതെ വിവിധ വിഭാഗങ്ങൾക്കും ഹോസ്റ്റലിനും ആവശ്യമായ ഫർണിച്ചറുകൾക്കും തുക അനുവദിച്ചുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ലണ്ടൻ: അനധികൃത മാർഗങ്ങളിലൂടെ രാജ്യത്തേക്ക് എത്തുന്ന അഭയാർത്ഥികൾക്കെതിരെ നിലപാട് കടുപ്പിച്ച് ബ്രിട്ടൺ. ഇതിനായി പുതിയ നിയമം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് അധികൃതർ. ചെറുബോട്ടുകളിൽ രാജ്യത്ത് എത്തിയ ശേഷം പൗരത്വം സ്വന്തമാക്കുന്ന രീതിക്ക് അവസാനം വരുത്താനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ചെറുബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ നിരോധിക്കുമെന്നും ഇത്തരക്കാർ വീണ്ടും തിരികെ എത്താതിരിക്കാനും പൗരത്വം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാതിരിക്കാനും നടപടികൾ ഉറപ്പാക്കുന്നതാണ് പുതിയ നിയമം.

നിയമത്തേക്കുറിച്ചുള്ള വിശദമായ പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. അനധികൃത മാർഗങ്ങളിലൂടെ എത്തുന്നവർക്ക് രാജ്യത്ത് തുടരാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് നിന്ന് സ്ഥിരമായി തിരികെ അയയ്ക്കാനുമുള്ള ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിക്ക് നൽകുന്നതാണ് പുതിയ നിയമം. നിലവിൽ ബ്രിട്ടനിൽ അഭയം തേടി എത്തുന്നവര്ക്ക് സംരക്ഷണം തേടാൻ യുഎന്നിന്റെ അഭയാർത്ഥി കൺവെൻഷനും മനുഷ്യാവകാശത്തിന് വേണ്ടിയുള്ള യൂറോപ്യൻ കൺവെൻഷൻ മുഖേനയും സാധ്യമാണ്.

അതേസമയം, ബ്രിട്ടന്റെ പുതിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭയാർത്ഥി കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ നിരാലംബരാകുന്ന സാഹചര്യം നിയമം മൂലമുണ്ടാകുമെന്നാണ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്.

കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ അധികൃതർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഹൈക്കോടതി. വിഷയത്തിൽ സർക്കാരും കൊച്ചി കോർപറേഷനും മലിനീകരണ നിയന്ത്രണ ബോർഡും വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും കോർപറേഷൻ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മിതമാണോയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നൽകിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ദേവൻ രാമചന്ദ്രൻ കത്ത് നൽകിയത്. തുടർന്നാണ് സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

ബുധനാഴ്ച്ച കോടതിയിൽ ഹാജരാകണമെന്നാണ് ജില്ലാ കളക്ടർക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, തീപിടിത്തം അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകിയതായി സർക്കാർ കോടതിയെ അറിയിച്ചു.

കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. എന്നാൽ, ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി വിമർശിച്ചു. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. രേഖകളും ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം നടത്തണമെന്നും വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ഭരിക്കുന്ന പാർട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) യുകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് ബിജെപിക്ക് മുമ്പ് രാജ്യം ഭരിക്കാൻ തുടങ്ങിയതാണ്. എത്രയോ വർഷം നമ്മൾ രാജ്യം ഭരിച്ചു. എന്നാൽ ബിജെപിയെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന തരത്തിലാണ് മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന വിവരണങ്ങൾ ശ്രദ്ധിക്കാറില്ലെന്നും താൻ ആളുകളെയാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ നാല് വലിയ പ്രശ്നങ്ങളാണ് ഇന്ത്യ നേരിടുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 2022 സെപ്റ്റംബർ മുതൽ 2023 ജനുവരി വരെ താൻ നടത്തിയ 3500 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഭാരത് ജോഡോ യാത്ര’യിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.

ടോക്കിയോ: ജനസംഖ്യാ നിരക്കിലെ പതനം നിയന്ത്രിച്ചില്ലെങ്കില്‍ ജപ്പാന്‍ ജനത അധികം വൈകാതെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡയുടെ ഉപദേഷ്ടാവായ മസാകോ മോറി. രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ പോക്ക് ഇത്തരത്തിലാണെങ്കില്‍ അധികം വൈകാതെ രാജ്യം തന്നെ അപ്രത്യക്ഷമാകും’- ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോറി വ്യക്തമാക്കി.

അതേസമയം, 2008ല്‍ 128 മില്യണ്‍ ജനസംഖ്യ ഉണ്ടായിരുന്നു. ഇത് 124.6 മില്യണായി ചുരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനന നിരക്കിന്റെ രണ്ടിരട്ടിയില്‍ അധികം ആളുകള്‍ ജപ്പാനില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട: കേരളത്തില്‍ പ്രതിദിനം 91.4 ലക്ഷം ലിറ്റര്‍ പാലാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ആകെ ഉല്‍പാദനത്തിന്റെ 25 ശതമാനം മാത്രമാണ് ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം അഞ്ചു മുതല്‍ ആറു ലക്ഷം ലിറ്റര്‍ വരെ പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം എന്നീ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് പാല്‍ കൊണ്ടു വരുന്നുണ്ട്. ഈ വഴി കടന്നു വരുന്ന പാലിന്റെ സാമ്ബിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന യൂറിയ, മാള്‍റ്റോ ഡെക്‌സ്മിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

സംസ്ഥാനത്തെ 14 ജില്ലകളിലും ഗുണനിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെട്ട് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം, ആലത്തൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ മേഖലാ ലാബുകളും തിരുവനന്തപുരത്ത് സ്റ്റേറ്റ് ഡയറി ലാബും മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പാലിലെ വിഷാംശം/രാസവസ്തു സാന്നിധ്യം എന്നിവ ഇവിടെ പ്രധാനമായും പരിശോധിക്കപ്പെടുന്നുവെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

റിയാദ്: മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ യോഗക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് മുസ്ലീം രാജ്യമായ സൗദി അറേബ്യ സര്‍വകലാശാലകളില്‍ യോഗ ഏര്‍പ്പെടുത്താനൊരുങ്ങുന്നു. യോഗയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദിയിലെ പ്രമുഖ സര്‍വകലാശാലകളുമായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കരാറുകളില്‍ ഒപ്പുവക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് അറിയിച്ചു.

‘വളര്‍ന്നു വരുന്ന കായിക താരങ്ങളെ രാജ്യാന്തര ചാമ്ബ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ സഹായിക്കത്തക്കവണ്ണം അവരെ ശാരീരികവും മാനസികവുമായ ഉയര്‍ച്ചയിലേക്ക് എത്തിക്കുക എന്നതാണ് യോഗ പരീശീലിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ‘വിഷന്‍ 2030 കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും പ്രാദേശികമായി കായിക മികവ് കൈവരിക്കുകയും ചെയ്യുക എന്നത്. ചിലര്‍ വിശ്വസിക്കുന്നതു പോലെ യോഗ എന്നത് ധ്യാനവും വിശ്രമവും മാത്രമല്ല. പൊതുവായ എല്ലാത്തരം യോഗകളിലോ യോഗാസന സ്‌പോര്‍ട്‌സുകളിലോ ഉള്ള വിശിഷ്ട യോഗാഭ്യാസികളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനും കമ്മിറ്റി ലക്ഷ്യമിടുന്നു’- മര്‍വായ് പറഞ്ഞു.

അതേസമയം, യൂണിവേഴ്‌സിറ്റികളില്‍ യോഗയെ പരിചയപ്പെടുത്തുന്നതിലും സര്‍വ്വകലാശാലയിലെ പുരുഷ-വനിതാ ജീവനക്കാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവര്‍ സൂചിപ്പിച്ചു.

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് റിപ്പോര്‍ട്ട്. ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണിത്.

നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണ്. റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി. എന്നാല്‍, ഇപ്പോള്‍ ഇത് 35 ശതമാനമായി. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെയാണ് റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ആരംഭിച്ചത്.

അതേസമയം, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ കുറവുണ്ടായി. ഇറാഖില്‍ നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദിയില്‍ നിന്ന് 6,47,813 ബാരലുമാണ് നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയെ പിന്തള്ളി നാലാമതുള്ള യു.എ.ഇയില്‍ നിന്ന് പ്രതിദിനം 4,04,570 ബാരല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ജനുവരിയില്‍ 3,99,914 ബാരല്‍ ഇറക്കുമതി ചെയ്തിരുന്നത് ഫെബ്രുവരിയോടെ 2,48,430 ബാരലായി കുറഞ്ഞു.