തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. വൈറൽ പനിയുടെയും ആസ്തമയുടെയും സമാന ലക്ഷണങ്ങളുമായി ആയിരങ്ങൾ ചികിത്സ തേടിയെത്തുന്നത്. നാല് ദിവസത്തെ പനിയും തുടർന്ന് നാലാഴ്ച നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലും വലിവുമാണ് മിക്കവരിലും അനുഭവപ്പെടുന്നത്. ഇൻഫ്‌ളുവൻസ വൈറസ്, റെസ്പിേററ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകൾ അസുഖത്തിന് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പതിനൊന്നായിരത്തോളം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പനിയും ശ്വാസംമുട്ടലുമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം രോഗികൾ ചികിത്സയ്ക്കായി എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആസ്തമ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും വലിവുമൊക്കെ മാറാൻ കാലതാമസം നേരിടുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആസ്തമ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് പലരുടെയും ജീവിതം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രോഗബാധ ഉണ്ടാകുമ്പോൾ ദിവസങ്ങളോളം പലർക്കും ജോലിയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയുണ്ടാക്കും. ഇത് പലരുടെയും വരുമാനത്തെയും ജീവിത രീതിയെയും ബാധിക്കുന്നുണ്ട്.

