അഹമ്മദാബാദ്: ഗുജറാത്തില്‍ 5 വര്‍ഷത്തിനിടെ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ റിപ്പോര്‍ട്ട്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ആകെ 41,621 പേരെ കാണാതായി. 201920 ല്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു.
അതേസമയം, ഈ കാണാതായവരില്‍ പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ‘കാണാതായ പരാതികള്‍ പൊലീസ് ഗൗരവപൂര്‍വം പരിശോധിക്കുന്നില്ല. കൊലപാതകത്തേക്കാള്‍ ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടണം. ഒരു കുട്ടിയെ കാണാതാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നത്. കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്നതുപോലെതന്നെ ഈ കേസുകളും അന്വേഷിക്കണം. ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നത്. പെണ്‍കുട്ടികളെ കാണാതാകുന്നതില്‍ പഴിചാരേണ്ടത് മനുഷ്യക്കടത്തു സംഘങ്ങളെയാണെന്ന് മുന്‍ എഡിജിപിയായിരുന്ന ഡോ. രാജന്‍ പ്രിയദര്‍ശിനി പറഞ്ഞു. ”കാണാതെ പോകുന്ന വലിയൊരു വിഭാഗം പെണ്‍കുട്ടികളെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തെത്തിച്ച് വില്‍ക്കുകയാണെന്ന് എന്റെ കാലത്ത് കണ്ടെത്തിയിരുന്നു. ഒരിക്കല്‍ ഖേഡ ജില്ലയിലെ എസ്പിയായിരുന്നപ്പോള്‍ അവിടെ ജോലി ചെയ്യാനെത്തിയ ഒരു ഉത്തര്‍പ്രദേശുകാരന്‍ പാവപ്പെട്ട പെണ്‍കുട്ടിയെ സ്വന്തം നാട്ടിലേക്കു വിറ്റു. അവിടെ പാടത്ത് പണിയെടുത്തിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്റെ അന്വേഷണത്തിനു കഴിഞ്ഞു. എന്നാല്‍ എല്ലായ്‌പ്പോഴും ഇതു നടക്കണമെന്നില്ല’- അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ബിജെപി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ ഗുജറാത്തില്‍ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ കുറ്റപ്പെടുത്തി.

