തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുതാല്‍പര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ബിപിഎല്‍ ലിസ്റ്റില്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് ദാനമായോ വിലക്കോ വാങ്ങി നല്‍കുന്ന 10 സെന്റ് വരെയുള്ള ഭൂമിക്ക് ഇളവുണ്ടാകും.
ഇളവുകള്‍ ഇങ്ങനെ
1-ഭൂരഹിതരായ ബി.പി.എല്‍ കാറ്റഗറിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ‘കുടുംബം’ എന്ന നിര്‍വ്വചനത്തില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള ആള്‍ക്കാര്‍ ദാനമായോ വിലയ്ക്ക് വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും.
2-ദുരന്തങ്ങളില്‍പ്പെട്ട വ്യക്തികള്‍ ദുരന്തം നടന്ന് അഞ്ച് വര്‍ഷത്തിനകം സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവര്‍ക്ക് ബന്ധുക്കള്‍ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്ക് വാങ്ങിയോ നല്‍കുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും.
3-അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്‌സ് ബാധിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന 2 ഏക്കറില്‍ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും.

