വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ രാജ്യത്ത് തടയുന്നതിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.
ഒരു തിരിച്ചറിയല്‍ രേഖയില്‍ നല്‍കുന്ന സിം കാര്‍ഡുകളുടെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവില്‍, ഒരാള്‍ക്ക് 9 സിം കാര്‍ഡുകള്‍ വരെയാണ് സ്വന്തം പേരില്‍ ഉപയോഗിക്കാന്‍ സാധിക്കുക. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, ഒരു തിരിച്ചറിയല്‍ രേഖയില്‍ നാല് സിം കാര്‍ഡുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.
ഏറ്റവും പുതിയ ടെലികോം പരിഷ്‌കാരങ്ങള്‍ അനുസരിച്ച്, സിം കാര്‍ഡുകള്‍ നല്‍കാന്‍ രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിക്കേണ്ടതാണ്. കെവൈസി വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാതെ സിം കാര്‍ഡുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുന്നതാണ്. ഇതിനോടൊപ്പം തന്നെ 2 ലക്ഷം രൂപ പിഴ ചുമത്തുന്നതും പരിഗണനയിലുണ്ട്. നിലവില്‍, ജമ്മു കാശ്മീര്‍, മറ്റ് വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് പരമാവധി 6 സിം കാര്‍ഡുകള്‍ വരെയാണ് കൈവശം വയ്ക്കാന്‍ സാധിക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ 9 എണ്ണം വരെ ഉപയോഗിക്കാനാകും.

