സംസ്ഥാനത്തെ എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്. ഈ വിഷയത്തില്‍ അതത് അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.
അതേസമയം, സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നുണ്ട്. ഇത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വേനല്‍ ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്നാണ് ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

