വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; നടപടി ശക്തമാക്കാനൊരുങ്ങി റെയിൽവേ

തിരൂർ: തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഭാഗങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് പതിവാണ്. ഇതിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്.

ഏതാനും മാസങ്ങൾക്കുള്ളിൽ ഈ മേഖലയിൽ ഏകദേശം അഞ്ച് തവണയെങ്കിലും ട്രെയിനിനു നേരേ കല്ലേറുണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത് വിദ്യാർത്ഥികളായിരുന്നതിനാൽ താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും ഒഴിവാക്കുകയായിരുന്നു. എന്നാൽ, വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത് ഇത്തരത്തിൽ നിസാരമായി കാണാൻ കഴിയില്ലെന്നാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

ട്രെയിനിന് നേരെ ഏറ്റവും കൂടുതൽ കല്ലേറ് നടക്കുന്നത് താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ്. രാത്രിയും പകലുമെല്ലാം ഇവിടങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്. ഇതിനെതിരെ ഉടൻ ശക്തമായ നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്.