Highlights (Page 33)

ചെന്നൈ: ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമാണെന്ന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ച് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്.

കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആർജിച്ച സ്വത്ത്, ഭാര്യ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു സ്ത്രീയുടെ ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം നടത്തിയിരുന്നു. ഈ പോരാട്ടത്തിൽ കണ്ണന് അനുകൂലമായ വിധിയാണ് കീഴ്‌ക്കോടതി വിധിച്ചത്. എന്നാൽ കീഴ്ക്കോടതി വിധിക്കെതിരെ ഭാര്യ അപ്പീൽ നൽകി. ഈ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും കാരണമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു. സ്വത്തു ഭർത്താവിന്റെ മാത്രം പേരിലാണെങ്കിലും, രണ്ടു പേരുടെയും അധ്വാനത്തിലൂടെ ആർജിച്ചതാണെന്ന് ചിന്തിക്കണമെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേർത്തു.

എറണാകുളം : സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ, ടാക്സി സംരംഭമായ കേരള സവാരിയുടെ പ്രവർത്തനം ജില്ലയിൽ ഉടൻ ആരംഭിക്കുന്നത്തിന്റെ ഭാഗമായി ഡ്രൈവർമാർക്ക് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
 

ജില്ലയിൽ കേരളസവാരിയുടെ ഡ്രൈവർമാർക്കുള്ള തൽസമയ രജിസ്ട്രേഷൻ ക്യാമ്പ് ഈ മാസം 26ന് ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റി ഓട്ടോ സ്റ്റാൻഡിലും,27ന് കളമശ്ശേരി ബി.ടി.ആർ മന്ദിരം പ്രീമിയർ കവല (അപ്പോളോ) എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ സംഘടിപ്പിക്കുന്നു.രജിസ്ട്രേഷൻ ക്യാമ്പിൽ എല്ലാ ഓട്ടോ,ടാക്സി ഡ്രൈവർമാരും അവരുടെ ലൈസൻസ്, ആർ.സി ബുക്ക്‌ എന്നിവയുമായിവന്ന് രജിസ്ട്രേഷൻ നടത്താം.
 

നിലവിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അഭിമുഖത്തിൽ തിരുവനന്തപുരം ജില്ലയിൽ കേരള സവാരിയുടെ സേവനം നടന്നുവരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 9072272208,9188519857

യൂട്യൂബില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടും കൃത്യമായി വരുമാനം ലഭിക്കുന്നില്ലെന്ന പ്രശ്‌നം ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റര്‍മാരും നേരത്തെ ഉന്നയിച്ചിരുന്നു. ഇതോടെ, മോണിറ്റൈസേഷന്‍ പോളിസിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രശ്‌ന പരിഹാരം നടത്തിയിരിക്കുകയാണ് യൂട്യൂബ്.

പുതിയ അപ്‌ഡേഷന്‍ അനുസരിച്ച്, ഇനി മുതല്‍ 500 പേര്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ യൂട്യൂബില്‍ നിന്നും പണം ലഭിക്കുന്നതാണ്. ചെറിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടി അവസരം നല്‍കുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

ചാനലിന് മോണിറ്റൈസേഷന്‍ ലഭിക്കുന്നതിനായി യൂട്യൂബ് നിഷ്‌കര്‍ശിക്കുന്ന സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 500-ലേക്ക് താഴ്ത്തിയതിന് പുറമേ, വാച്ച് അവറിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മോണിറ്റൈസേഷന്‍ നേടാന്‍ ഇനി 3000 വാച്ച് അവര്‍ ലഭിച്ചാല്‍ മതിയാകും. കൂടാതെ, യൂട്യൂബ് ഷോര്‍ട്ട്‌സിന്റെ വ്യൂസ് 10 മില്യണില്‍ നിന്നും 3 മില്യണായും കുറച്ചു. നിലവില്‍, യുകെ, കാനഡ, തായ്വാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കും ഇവ വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം ചേർന്നു. ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുരുതര രോഗികൾ ഒരേ സമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിന് താങ്ങാൻ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. കുട്ടികളിൽ ഇൻഫ്ളുവൻസ കൂടി വരികയാണ്. ഈ സാഹചര്യത്തിൽ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിനും പൊതുവിൽ എടുക്കേണ്ട തീരുമാനങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സർക്കാർ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രതിരോധം ഉറപ്പാക്കണം.

കുട്ടികളിൽ ഇൻഫ്ളുവൻസ കേസുകൾ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കും. പകർച്ചപ്പനി അവബോധത്തിനായി എല്ലാ സ്‌കൂളുകളിലും ജൂൺ 23 ന് ആരോഗ്യ അസംബ്ലി നടത്തും. സ്‌കൂളുകളെക്കൂടി ആരോഗ്യ വകുപ്പിന്റെ ഹോട്ട്സ്പോട്ട് പരിശോധനയിൽ ഉൾപ്പെടുത്തും. ആരോഗ്യ പ്രവർത്തകർ സ്‌കൂളുകൾ സന്ദർശിച്ച് മാർഗ നിർദേശങ്ങൾ നൽകും. ഒരു ക്ലാസിൽ അഞ്ചിൽ കൂടുതൽ കുട്ടികൾ പനിബാധിച്ച് ഹാജരാകാതിരുന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾ കുടിക്കാൻ പാടുള്ളൂ. കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുത്.

ജില്ലകളിൽ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരുന്നതാണ്. ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവരുടെ പിന്തുണകൂടി ഉറപ്പ് വരുത്തും. വാർഡ് തലത്തിൽ ആരോഗ്യ ജാഗ്രതാ സമിതികൾ യോഗം ചേർന്ന് നടപടി സ്വീകരിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കും. നിർമ്മാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാ പ്രവർത്തകർ, കർഷകർ, ക്ഷീര കർഷകർ, അരുമ മൃഗങ്ങളെ വളർത്തുന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ അവബോധം ശക്തിപ്പെടുത്തും. ആൾപ്പാർപ്പില്ലാത്ത വീടുകൾ, തോട്ടങ്ങൾ തുടങ്ങിയയിടങ്ങളിൽ കൊതുകിന്റെ ഉറവിടത്തിന് കാരണമായാൽ നിയമപ്രകാരം നോട്ടീസ് നൽകി നടപടിയെടുക്കും.

ജില്ലാതലത്തിൽ കൂടാതെ തദ്ദേശ തലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ ഓഫീസർ, കുടുംബശ്രീ, ഹരിതകർമ്മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തിൽ ഉൾപ്പെടുത്തും. ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക ഇടപെടൽ നടത്തുന്നതാണ്. മഴക്കാല ശുചീകരണം നേരത്തെ തന്നെ നടത്തി വരുന്നു. നല്ല മാറ്റമുണ്ടായി. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: നാല് വർഷ ബിരുദത്തിന് ശേഷം പിഎച്ച്ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാല എന്ന നേട്ടം സ്വന്തമാക്കി എപിജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല. 2023-24 അധ്യയന വർഷം മുതൽ സാങ്കേതിക സർവകലാശാലയിൽ ഈ അവസരം ലഭ്യമാകും. ജൂൺ 30 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. 1100 രൂപയാണ് അപേക്ഷ ഫീസ്. 550 രൂപയാണ് എസ് സി, എസ് ടി വിഭാഗക്കാർക്കുള്ള ഫീസ്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം അനുവദിക്കുക. പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർ അഭിമുഖത്തിന് അർഹത നേടും. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് www. ktu.edu.in സന്ദർശിക്കുക.

പാർട്ട് ടൈം, ഫുൾ ടൈം ഗവേഷണ പഠനത്തിന് അർഹതയുള്ളത് എൻജിനിയറിങ് അല്ലെങ്കിൽ ആർക്കിടെക്ചറിൽ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി കുറഞ്ഞത് 7.75 ഉള്ള ബി.ടെക് ബിരുദധാരികൾക്കാണ്. എം.ടെക്കിനു ശേഷം പിഎച്ച്ഡി ചെയ്യാൻ വേണ്ട സിജിപിഎ 5.75 ആണ്. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും പിഎച്ച്ഡിക്ക് അപേക്ഷ നൽകാം. ഇതുവരെ ലഭിച്ച സെമസ്റ്റർ ഗ്രേഡുകളോടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നൂറ് മുഴുവൻസമയ പിഎച്ച്ഡി വിദ്യാർഥികൾക്ക് സർവകലാശാല ഫെല്ലോഷിപ്പ് ലഭിക്കും.

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ് എഫ് ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കേരള സർവകലാശാല നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം, നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കലിംഗ സർവകലാശാല കേരള സർവകലാശാലയ്ക്ക് ഔദ്യോഗികമായി നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് കലിംഗ സർവകലാശാല കേരള സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമക്കോട് കാട്ടിയവരെല്ലാം കുടുങ്ങുമെന്നാണ് കേരള വിസി മോഹൻ കുന്നുമ്മൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിഖിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിമാക്കിയിട്ടണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റങ്ങളാണ് നിഖിലിനെതിരെയുള്ളത്. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ കോളേജ് അധികൃതർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അങ്ങനെയൊരു വിദ്യാർത്ഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നുമാണ് അധികൃതർ പോലീസിനോട് വ്യക്തമാക്കിയത്.

ന്യൂഡൽഹി: പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും പ്രകീർത്തിച്ച് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അന്താരാഷ്ട്ര യോഗ ദിനത്തിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെ പ്രശംസിച്ചത്. യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞുകൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തരൂരിന്റെ പരാമർശം.

നെഹ്റുവിനൊപ്പം യോഗ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും. അവരും പ്രശംസയർഹിക്കുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. എക്കാലവും താൻ പറയാറുള്ളതുപോലെ ലോക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യോഗ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും യോഗ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം, അമേരിക്കൻ സന്ദർശനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് യോഗാ ദിനപരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. 2014 ൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ‘യോഗ ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.

തിരുവനന്തപുരം: രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി യോഗാദിനം ആചരിച്ച് ഇന്ത്യ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ യോഗാ ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു. കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യോഗ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗ പരിപാടിയിൽ പങ്കു ചേർന്നു.

അമേരിക്കൻ സന്ദർശനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് യോഗാ ദിനപരിപാടികൾക്ക് നേതൃത്വം നൽകും. 2014 ൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ‘യോഗ ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.

അതേസമയം, മധ്യപ്രദേശിലെ ജബൽപുരിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ നേതൃത്വത്തിൽ 15,000 പേർ അണിനിരന്നുള്ള യോഗാഭ്യാസങ്ങൾ നടന്നു.

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളുമായി ഇന്ത്യൻ നാവിക സേന. 19 ഇന്ത്യൻ നാവിക കപ്പലുകളിൽ 3500 നാവിക ഉദ്യോഗസ്ഥർ ദേശീയ-അന്തർദേശീയ സമുദ്രങ്ങളിൽ യോഗയുടെ അംബാസഡർമാരായി 35,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. വിദേശ തുറമുഖങ്ങളിൽ മാത്രം 11 കപ്പലുകളിലായി 2400-ലധികം ഉദ്യോഗസ്ഥരും യോഗയുടെ അംബാസഡർമാരായി യാത്ര ചെയ്തു.

1200-ലധികം വിദേശ നാവികസേനാംഗങ്ങളുമായി സഹകരിച്ച് വിദേശ നാവികസേനകളുടെ കപ്പലുകളിലും അന്താരാഷ്ട്ര യോഗദിനാഘോഷങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിദേശ തുറമുഖങ്ങളിൽ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെയും ആതിഥേയരാജ്യത്ത് നിന്നുള്ള കപ്പലിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താനും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര തലത്തിൽ യോഗയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് കോമൺ യോഗ പ്രോട്ടോക്കോളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ നാവിക തുറമുഖങ്ങളിലും താവളങ്ങളിലും കപ്പലുകളിലും സ്ഥാപനങ്ങളിലും യോഗാദിന പരിപാടികൾ നടത്തുന്നുണ്ട്. നാവികസേനാംഗങ്ങൾ, പ്രതിരോധ സിവിലിയൻമാർ, കുടുംബങ്ങൾ എന്നിവരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കും.

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ, പ്രതിപക്ഷം അതിനെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന് മുദ്രകുത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഏകീകൃത സിവിൽ കോഡിനെച്ചൊല്ലി എന്തിനാണ് തർക്കമെന്നും അദ്ദേഹം ചോദിക്കുന്നു.

ഏകീകൃത സിവിൽ കോഡ് മദ്ധ്യപ്രദേശിലും ഗോവയിലും ഇതിനോടകം നടപ്പിലാക്കി. ഇപ്പോൾ നിയമ കമ്മീഷൻ രാജ്യത്തുടനീളം അഭിപ്രായങ്ങൾ സ്വീകരിക്കുന്നുണ്ട്. പ്രതിപക്ഷം ഇതിനെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് മുദ്രകുത്തുകയാണ്. രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത് സർക്കാർ രൂപീകരിക്കാനല്ല മറിച്ച് സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കാൻ വേണ്ടിയാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിൽ കോഡിന്മേലുള്ള പൊതുജനങ്ങളുടെയും മതസംഘടനകളുടെയും അഭിപ്രായങ്ങളും നിർദ്ദേശകളും നിയമ കമ്മീഷൻ തേടിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സിവിൽ കോഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

സർക്കാർ രാജ്യത്ത് സാമൂഹിക സൗഹാർദ്ദം സൃഷ്ടിക്കും. സർക്കാരിന് ഇവിടെ സാമൂഹിക സൗഹാർദ്ദമാണ് വേണ്ടത്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാം സഹോദരങ്ങളാണ്. മുസ്ലീം സമുഹത്തിൽ നിന്നും പലരും തങ്ങൾക്ക് വോട്ട് നൽകുന്നു. എന്നാൽ ചിലർ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത്തരക്കാരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.