ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശം; അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്ന് കോടതി

ചെന്നൈ: ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമാണെന്ന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ച് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്.

കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആർജിച്ച സ്വത്ത്, ഭാര്യ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു സ്ത്രീയുടെ ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം നടത്തിയിരുന്നു. ഈ പോരാട്ടത്തിൽ കണ്ണന് അനുകൂലമായ വിധിയാണ് കീഴ്‌ക്കോടതി വിധിച്ചത്. എന്നാൽ കീഴ്ക്കോടതി വിധിക്കെതിരെ ഭാര്യ അപ്പീൽ നൽകി. ഈ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും കാരണമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു. സ്വത്തു ഭർത്താവിന്റെ മാത്രം പേരിലാണെങ്കിലും, രണ്ടു പേരുടെയും അധ്വാനത്തിലൂടെ ആർജിച്ചതാണെന്ന് ചിന്തിക്കണമെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേർത്തു.