ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളുടെ ഭാഗം; രാജ്‌നാഥ് സിംഗ്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ, പ്രതിപക്ഷം അതിനെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന് മുദ്രകുത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഏകീകൃത സിവിൽ കോഡിനെച്ചൊല്ലി എന്തിനാണ് തർക്കമെന്നും അദ്ദേഹം ചോദിക്കുന്നു.

ഏകീകൃത സിവിൽ കോഡ് മദ്ധ്യപ്രദേശിലും ഗോവയിലും ഇതിനോടകം നടപ്പിലാക്കി. ഇപ്പോൾ നിയമ കമ്മീഷൻ രാജ്യത്തുടനീളം അഭിപ്രായങ്ങൾ സ്വീകരിക്കുന്നുണ്ട്. പ്രതിപക്ഷം ഇതിനെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് മുദ്രകുത്തുകയാണ്. രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത് സർക്കാർ രൂപീകരിക്കാനല്ല മറിച്ച് സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കാൻ വേണ്ടിയാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിൽ കോഡിന്മേലുള്ള പൊതുജനങ്ങളുടെയും മതസംഘടനകളുടെയും അഭിപ്രായങ്ങളും നിർദ്ദേശകളും നിയമ കമ്മീഷൻ തേടിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സിവിൽ കോഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

സർക്കാർ രാജ്യത്ത് സാമൂഹിക സൗഹാർദ്ദം സൃഷ്ടിക്കും. സർക്കാരിന് ഇവിടെ സാമൂഹിക സൗഹാർദ്ദമാണ് വേണ്ടത്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാം സഹോദരങ്ങളാണ്. മുസ്ലീം സമുഹത്തിൽ നിന്നും പലരും തങ്ങൾക്ക് വോട്ട് നൽകുന്നു. എന്നാൽ ചിലർ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത്തരക്കാരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.