Highlights (Page 32)

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ജൂലൈ മാസം വിക്ഷേപിക്കും. ജൂലായ് 12നും 19നും ഇടയിലായിരിക്കും ചന്ദ്രയാൻ 3 വിക്ഷേപിക്കുക. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ 3 ബഹിരാകാശപേടകം പൂർണമായും സംയോജിപ്പിച്ചുവെന്നും അന്തിമഘട്ട പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിക്ഷേപണ തീയതി പ്രഖ്യാപിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.

ഐഎസ്ആർഒയുടെ ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ ദൗത്യമാണ് ചന്ദ്രയാൻ 3. ആദ്യദൗത്യമായ ചന്ദ്രയാൻ 1 പൂർണമായും വിജയകരമായിരുന്നു. എന്നാൽ, ചന്ദ്രയാൻ 2 ദൗത്യത്തിൽ ലാൻഡർ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണ് ചന്ദ്രയാൻ 2 ദൗത്യത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിരുന്നു.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ബജറ്റ് 615 കോടി രൂപയാണ്. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിളിൽ മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്.

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ സുരക്ഷിത മേഖല (റിസ) വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. സംസ്ഥാന സർക്കാരിനുള്ള അന്ത്യശാസനമാണ് ഈ കത്ത്. ഉടൻ ഭൂമിയേറ്റെടുത്തു നൽകിയില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ റൺവേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് കത്തിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സംസ്ഥാന സർക്കാർ ഇതിനകം ഏറ്റെടുക്കാൻ നടപടി തുടങ്ങിയ 14.5 ഏക്കർ ഭൂമിയെക്കുറിച്ചാണ് കത്തിൽ പരാമർശിക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമി റൺവേക്കു സമമായി നിരത്തുന്നതിനുള്ള പണം എയർപോർട്ട് അതോറിറ്റി വഹിക്കണമെന്നായിരുന്നു നേരത്തെ സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്ന ആവശ്യം. എന്നാൽ, ഇക്കാര്യം അംഗീകരിച്ചിട്ടും ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് കത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

14.5 ഏക്കർ ഭൂമിയാണ് പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി സർക്കാർ ഏറ്റെടുത്തു നൽകേണ്ടത്. പ്രാദേശിക എതിർപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. പരിസ്ഥിതി ആഘാത പഠനം നടത്തി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. സ്ഥലം വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് കത്ത് നൽകി മെഡിക്കൽ വിദ്യാർത്ഥി. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസിനാണ് വിദ്യാർഥി കത്ത് നൽകിയിരിക്കുന്നത്.

2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളും ഈ കത്തിലുണ്ട്. വിവിധ ബാച്ചുകളിലെ വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത് ജൂൺ 26നാണ്. ഇതിന് പിന്നാലെ വിഷയം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണെന്നും കത്തിൽ പറയുന്നു. ആശുപത്രിയുടെ ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിക്കുന്നത്.

അതേസമയം, ഇക്കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാർഥികളെ അറിയിച്ചുവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ധാരണകളാണ് തങ്ങളും പിന്തുടരുന്നത്. കത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം ഒരു കമ്മിറ്റി വിളിച്ച് കൂട്ടി പരിശോധിക്കാനാണ് തീരുമാനമെന്നും ലിനറ്റ് വിശദമാക്കി.

മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഒപ്പം, വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ അറിയിക്കുകയും ചെയ്തു.

ഹിമാചൽ പ്രദേശ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന ഗ്രാമങ്ങളാൾ തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലാണ് അദ്ദേഹം താൻ പോകണമെന്ന് ആഗ്രഹിക്കുന്ന ഗ്രാമങ്ങൾ ഏതൊക്കെയാണെന്നും സൂചിപ്പിച്ചു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ”കളേഴ്സ് ഓഫ് ഭാരത്” എന്ന പേജ് പങ്കുവെച്ച ഇന്ത്യയിലെ ഗ്രാമങ്ങളുടെ ചിത്രങ്ങൾ കണ്ടാണ് ആനന്ദ് മഹീന്ദ്ര തന്റെ ബക്കറ്റ് ലിസ്റ്റ് വിപുലീകരിച്ചത്.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര ഇന്ത്യയിലെ മനോഹര ഗ്രാമങ്ങളെ കുറിച്ച് എഴുതിയത് ഇങ്ങനെ ആയിരുന്നു. ‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം എന്നെ നിശബ്ദനാക്കുന്നു, ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള എന്റെ ബക്കറ്റ് ലിസ്റ്റ് ഇപ്പോൾ നിറഞ്ഞൊഴുകുന്നു.’

ഹിമാചൽ പ്രദേശിലെ കല്പ , മേഘാലയയിലെ മൗലിനോങ്, കേരളത്തിൽ പാലക്കാട് നിന്നുമുള്ള കൊല്ലങ്കോട്, തമിഴ്നാട്ടിൽ നിന്നുമുള്ള മാത്തൂർ, കർണാടകയിലെ വാരങ്ങ, പശ്ചിമ ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിൽ നിന്നുമുള്ള ഖിംസാർ എന്നീ ഗ്രാമങ്ങളുടെ ചിത്രങ്ങളാണ് ആനന്ദ് മഹീന്ദ്രയിലെ യാത്രാപ്രേമിയെ ഉണർത്തിയത്.

തിരുവനന്തപുരം: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് മരണപ്പെട്ട നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനം. നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ജൂൺ 11നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ടത്. ഭിന്നശേഷിക്കാരനായ കുട്ടിയായിരുന്നു നിഹാൽ. കുട്ടിയ്ക്ക് സംസാരശേഷി ഇല്ലായിരുന്നു. ജൂൺ 11 ന് വൈകിട്ട് 5 മണിയോടെ ആണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് പരിശോധന നടത്തിയത്. ചോര വാർന്ന അനക്കമില്ലാത്ത നിലയിലായിരുന്നു കുട്ടി. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു.

സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ തെരുവുനായ ആക്രമിച്ചപ്പോൾ നിലവിളിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളും ദൃശ്യമായിരുന്നു.

ന്യൂഡൽഹി: അഞ്ച് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക.

റാണി കമലാപതി (ഭോപ്പാൽ) – ജബൽപൂർ വന്ദേ ഭാരത് എക്‌സ്പ്രസ്, ഖജുരാഹോ-ഭോപ്പാൽ-ഇൻഡോർ വന്ദേ ഭാരത് എക്‌സ്പ്രസ്, ഗോവ – മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്, ഹാട്ടിയ-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പുതിയ അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ.

ബിഹാർ, ജാർഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി സമർപ്പിക്കുക. ഇതോടെ രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 24 ആയി ഉയരും.

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോൾ എന്നറിയപ്പെടുന്നത്. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിക്കുന്നത്. അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോളിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കോഡ് ഗ്രേ പ്രോട്ടോകോൾ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അതിക്രമങ്ങൾ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോൾ തയാറാക്കുന്നത്. ഇതിന്റെ കരട് തയാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലേയും പോലീസിലേയും വിദഗ്ധർ പരിശോധിച്ച് കരടിന്മേലുള്ള ചർച്ചയ്ക്ക് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്തിപ്പെടുത്തി ഓർഡിനൻസ് ഇറക്കി. ഇതുകൂടാതെയാണ് കോഡ് ഗ്രേ പ്രോട്ടോകോൾ. ഇത് വലിയ രീതിയിൽ അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യുന്നതിനും ഉപകരിക്കും.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി സാധ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ അതാത് ജില്ലകളിലെ ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റ് നടത്തിവരുന്നു. ഭൂരിപക്ഷം ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് പൂർത്തിയാക്കി. ഓരോ ആശുപത്രിയിലേയും സാഹചര്യം വ്യത്യസ്ഥമായിരിക്കും. അടിസ്ഥാനപരമായി നിന്നുകൊണ്ട് സ്ഥാപന തലത്തിലുള്ള പ്രത്യേകതകൾ കൂടി ഉൾക്കൊള്ളിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐ.ജി ഹർഷിത അട്ടല്ലൂരി, സിറ്റി പോലീസ് കമ്മീഷണൽ സി.എച്ച്. നാഗരാജു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ സംസാരിച്ചു.

ന്യൂഡൽഹി: ഉദ്യം പോർട്ടലിലെ എംഎസ്എംഇ രജിസ്‌ട്രേഷനുകൾ രണ്ട് കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷം കൊണ്ടാണ് റെക്കോർഡ് രജിസ്‌ട്രേഷനുകൾ പൂർത്തിയാക്കാൻ ഉദ്യം പോർട്ടലിന് കഴിഞ്ഞത്.

2020 ജൂലൈ ഒന്നിനാണ് ഉദ്യം പോർട്ടൽ പ്രവർത്തനം ആരംഭിച്ചത്. എംഎസ്എംഇ മന്ത്രി നാരായണൻ റാണെയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യം പോർട്ടലിന്റെ വിജയം ‘സംരംഭക ഇന്ത്യ’യിലേക്കുള്ള ശക്തമായ ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യം പോർട്ടലിന്റെ നേട്ടത്തിൽ അദ്ദേഹം എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ, സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമാണ് ഉദ്യം. 1.94 കോടി മൈക്രോ, 5.54 ലക്ഷം ചെറുകിട, ഏകദേശം 52,000 ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ 2.01 കോടി എംഎസ്എംഇകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യം അസിസ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 30.93 ലക്ഷം എംഎസ്എംഇകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാത്തതോ, അല്ലെങ്കിൽ ആവശ്യമില്ലാത്തതോ ആയ സംരംഭങ്ങളുടെ രജിസ്‌ട്രേഷനുകൾ നടത്തി അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ഔപചാരിക മേഖലയ്ക്ക് കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച പോർട്ടലാണ് ഉദ്യം അസിസ്റ്റ്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡോക്ടർമാരുടേയും സേവനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കോൾ സെന്റർ പ്രവർത്തന സജ്ജമാക്കിയത്. ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ എല്ലാ ജില്ലകളിൽ നിന്നും ജില്ലാ സർവയലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങൾക്കും ദിശയിൽ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടർമാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, സിക്ക, ശ്വാസകോശ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ തുടങ്ങിയ പലതരം രോഗങ്ങൾ ബാധിക്കാം. രോഗത്തിന്റെ ആരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും പലർക്കും പല സംശയങ്ങൾ ഉണ്ടാകാം. ഇതിനുള്ള പരിഹാരമായാണ് ദിശ കോൾ സെന്റർ പ്രവർത്തിക്കുക. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകർച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാർക്ക് ഫോൺ കൈമാറും.

വീട്ടിലുള്ള ആർക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂർച്ഛയോ ഉണ്ടായാൽ ദിശ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്ടർമാർ പറഞ്ഞുതരും. ആവശ്യമായവർക്ക് ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.