തിരുവനന്തപുരം: നാല് വർഷ ബിരുദത്തിന് ശേഷം പിഎച്ച്ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാല എന്ന നേട്ടം സ്വന്തമാക്കി എപിജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല. 2023-24 അധ്യയന വർഷം മുതൽ സാങ്കേതിക സർവകലാശാലയിൽ ഈ അവസരം ലഭ്യമാകും. ജൂൺ 30 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. 1100 രൂപയാണ് അപേക്ഷ ഫീസ്. 550 രൂപയാണ് എസ് സി, എസ് ടി വിഭാഗക്കാർക്കുള്ള ഫീസ്.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം അനുവദിക്കുക. പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർ അഭിമുഖത്തിന് അർഹത നേടും. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് www. ktu.edu.in സന്ദർശിക്കുക.
പാർട്ട് ടൈം, ഫുൾ ടൈം ഗവേഷണ പഠനത്തിന് അർഹതയുള്ളത് എൻജിനിയറിങ് അല്ലെങ്കിൽ ആർക്കിടെക്ചറിൽ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി കുറഞ്ഞത് 7.75 ഉള്ള ബി.ടെക് ബിരുദധാരികൾക്കാണ്. എം.ടെക്കിനു ശേഷം പിഎച്ച്ഡി ചെയ്യാൻ വേണ്ട സിജിപിഎ 5.75 ആണ്. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും പിഎച്ച്ഡിക്ക് അപേക്ഷ നൽകാം. ഇതുവരെ ലഭിച്ച സെമസ്റ്റർ ഗ്രേഡുകളോടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നൂറ് മുഴുവൻസമയ പിഎച്ച്ഡി വിദ്യാർഥികൾക്ക് സർവകലാശാല ഫെല്ലോഷിപ്പ് ലഭിക്കും.

