അന്താരാഷ്ട്ര യോഗ ദിനാചരണം; വിപുലമായ പരിപാടികളുമായി നാവികസേന

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളുമായി ഇന്ത്യൻ നാവിക സേന. 19 ഇന്ത്യൻ നാവിക കപ്പലുകളിൽ 3500 നാവിക ഉദ്യോഗസ്ഥർ ദേശീയ-അന്തർദേശീയ സമുദ്രങ്ങളിൽ യോഗയുടെ അംബാസഡർമാരായി 35,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. വിദേശ തുറമുഖങ്ങളിൽ മാത്രം 11 കപ്പലുകളിലായി 2400-ലധികം ഉദ്യോഗസ്ഥരും യോഗയുടെ അംബാസഡർമാരായി യാത്ര ചെയ്തു.

1200-ലധികം വിദേശ നാവികസേനാംഗങ്ങളുമായി സഹകരിച്ച് വിദേശ നാവികസേനകളുടെ കപ്പലുകളിലും അന്താരാഷ്ട്ര യോഗദിനാഘോഷങ്ങൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിദേശ തുറമുഖങ്ങളിൽ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെയും ആതിഥേയരാജ്യത്ത് നിന്നുള്ള കപ്പലിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താനും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര തലത്തിൽ യോഗയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് കോമൺ യോഗ പ്രോട്ടോക്കോളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ നാവിക തുറമുഖങ്ങളിലും താവളങ്ങളിലും കപ്പലുകളിലും സ്ഥാപനങ്ങളിലും യോഗാദിന പരിപാടികൾ നടത്തുന്നുണ്ട്. നാവികസേനാംഗങ്ങൾ, പ്രതിരോധ സിവിലിയൻമാർ, കുടുംബങ്ങൾ എന്നിവരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കും.