യോഗാ ദിനം; പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും പ്രകീർത്തിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും പ്രകീർത്തിച്ച് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അന്താരാഷ്ട്ര യോഗ ദിനത്തിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെ പ്രശംസിച്ചത്. യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞുകൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തരൂരിന്റെ പരാമർശം.

നെഹ്റുവിനൊപ്പം യോഗ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും. അവരും പ്രശംസയർഹിക്കുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. എക്കാലവും താൻ പറയാറുള്ളതുപോലെ ലോക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യോഗ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും യോഗ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം, അമേരിക്കൻ സന്ദർശനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് യോഗാ ദിനപരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. 2014 ൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ‘യോഗ ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.