രാജ്യാന്തര യോഗാ ദിനം; കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ യോഗ പരിപാടികൾക്ക് നേതൃത്വം നൽകി രാജ്‌നാഥ് സിങ്

തിരുവനന്തപുരം: രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി യോഗാദിനം ആചരിച്ച് ഇന്ത്യ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ യോഗാ ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു. കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യോഗ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗ പരിപാടിയിൽ പങ്കു ചേർന്നു.

അമേരിക്കൻ സന്ദർശനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് യോഗാ ദിനപരിപാടികൾക്ക് നേതൃത്വം നൽകും. 2014 ൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ‘യോഗ ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.

അതേസമയം, മധ്യപ്രദേശിലെ ജബൽപുരിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ നേതൃത്വത്തിൽ 15,000 പേർ അണിനിരന്നുള്ള യോഗാഭ്യാസങ്ങൾ നടന്നു.