Highlights (Page 31)

ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ പ്രാദേശിക ട്രെയിൻ സർവീസ് റാപിഡെക്സിന് തുടക്കം കുറിക്കുന്നു. റാപിഡെക്‌സിന്റെ പ്രവർത്തനം ഈ മാസം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രാരംഭഘട്ടത്തിൽ 17 കിലോമീറ്റർ വരെയാണ് സർവീസ്.

സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ, എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. ഈ സ്റ്റേഷനുകളിലെ മിക്കവാറും ജോലികൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. അവ പ്രവർത്തനത്തിന് സജ്ജമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സാഹിബാബാദിൽ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെയുള്ള 42 കിലോമീറ്റർ പാതയും പൂർത്തിയായിട്ടുണ്ട്. ദുഹായ് ഡിപ്പോയ്ക്ക് ശേഷം മുറാദ്നഗർ, മോദി നഗർ സൗത്ത്, മോദി നഗർ നോർത്ത്, മീററ്റ് സൗത്ത് എന്നിവ ഉൾപ്പെടുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഭാഗം മുൻഗണനാ അടുത്ത സ്റ്റേഷനായി പരിഗണിക്കുന്നതായിരിക്കും.

അതേസമയം, സർവ്വീസിന് മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ (സിഎംആർഎസ്) സുരക്ഷാ അനുമതികൾ ലഭിച്ചതായി നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻസിആർടിസി) റാപ്പിഡ് റെയിൽ സർവീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. 160 കിലോമീറ്റർ വരെയാകും റാപിഡെക്‌സ് ട്രെയിനിന്റെ പരമാവധി വേഗം.

ഭരണത്തുടർച്ചയുടെ വലിയ കാലയളവ് മുൻകൂട്ടി കാണാൻ സഹപ്രവർത്തകരെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘2024നെ നോക്കുന്നതിനു പകരം 2047ൽ രാജ്യത്തിന്റെ വികസനം എത്രമാത്രം കൂട്ടാം എന്നതിലേക്കു ശ്രദ്ധ മാറ്റണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ നൂറാം വാർഷികം അപ്പോഴാണ്.

2047 വരെ രാജ്യത്തിന് ‘അമൃത കാൽ’ (സുവർണകാലം) ആണ്. അടുത്ത 25 വർ‌ഷത്തിനകം ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാർഥികളുടെ കുത്തൊഴുക്കിന് രാജ്യം സാക്ഷിയാകും. വിവിധ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.’’– സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ മോദി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പ്രഗതി മൈതാൻ കൺവൻഷൻ സെന്ററിലാണ് സമ്പൂർണ മന്ത്രിസഭാ യോഗം മോദിയുടെ അധ്യക്ഷതയിൽ ചേർന്നത്. ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി.

ജൂലൈ 14ന് പാരിസിലെ ചാംപ്‌സ് എലിസീസില്‍ നടക്കുന്ന ബാസ്റ്റില്‍ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി റഫാല്‍ പോര്‍വിമാനങ്ങളും സേനാ വിഭാഗങ്ങളും ഫ്രാന്‍സിലേക്കു തിരിക്കുന്നു. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങള്‍ക്കു പുറമേ മൂന്നു വ്യോമസേന റഫാല്‍ പോര്‍വിമാനങ്ങളുമാണ് ഫ്രാന്‍സിലേക്ക് തിരിക്കുന്നത്.

ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റില്‍ ഡേയില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഇന്ത്യയില്‍ നിന്നും 242 സൈനികരാണ് ബാസ്റ്റില്‍ ഡേ പരേഡില്‍ പങ്കെടുക്കുക. 68 പേര്‍ അടങ്ങുന്ന സേനാ വിഭാഗങ്ങളാണ് ബാസ്റ്റില്‍ ഡേ പരേഡില്‍ അണി നിരക്കുകയെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. മിലിറ്ററി ബാന്‍ഡില്‍ 38പേരായിരിക്കും ഉണ്ടാവുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാസ്റ്റില്‍ ഡേ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.

ലോകരാജ്യങ്ങൾക്കു മുൻപിൽ ഇന്ത്യയുടെ സാങ്കേതിക യശസ്സ് വാനോളമുയർത്തിയ ചന്ദ്രയാൻ ദൗത്യത്തിന്‌റെ മൂന്നാം പതിപ്പ് ഈ ജൂലൈ 13നാകും ശ്രീഹരിക്കോട്ടയിൽ നിന്ന് യാത്ര തുടങ്ങുകയെന്ന് ഇസ്‌റോ അറിയിച്ചു. മുൻദൗത്യത്തിലെ ലാൻഡറിനു ധാരാളം പരിഷ്‌കാരങ്ങൾ ഇസ്‌റോ ഇതിനിടെ വരുത്തിയിട്ടുണ്ട്.

സോഫ്‌റ്റ്​വെയർ പരിഷ്‌കാരങ്ങൾ, ലാൻഡറിന്‌റെ കാലുകൾ ശക്തിപ്പെടുത്തൽ തുടങ്ങിയവ ഇതിൽപെടും. ചന്ദ്രയാൻ 2 ദൗത്യത്തിലെ ലാൻഡർ ലാൻഡിങ്ങിനു ശ്രമിച്ച മേഖലയിൽ നിന്നു 100 കിലോമീറ്റർ അകലെയായാണ് ചന്ദ്രയാൻ 3 ലാൻഡ് ചെയ്യാൻ പോകുന്നത്.

ചന്ദ്രയാൻ 2 ലെ ലാൻഡറായ വിക്രം തെന്നിത്തെന്നിയിറങ്ങുന്ന സോഫ്റ്റ്‌ലാൻഡിങ്ങിനു പരീക്ഷിച്ചു പരാജയപ്പെട്ട ശേഷം യുഎസിന്‌റെ ലൂണർ റിക്കണൈസൻസ് ഓർബിറ്റർ ഉപഗ്രഹം ഈ മേഖലയുടെ ചിത്രങ്ങൾ പകർത്തിയിരുന്നു. ചന്ദ്രന്‌റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ഇവിടെ ഐസ് രൂപത്തിൽ വലിയ ജലനിക്ഷേപമുണ്ട്.

കേന്ദ്രമന്ത്രി വി.മുരളീധരനെതീരെ രംഗത്തെത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘ചിലപ്പൻ കിളി’യെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് ശിവൻകുട്ടി പരിഹസിച്ചു. എന്ത് അനുഭവ സമ്പത്താണ് മുരളീധരനുള്ളതെന്നും, മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്നും ശിവൻകുട്ടി ചോദിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ മാസ്റ്റർ. ആ ഗോവിന്ദൻ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങൾ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല.

ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരൻ. ഏക സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ടെന്നും ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ന്യൂഡൽഹി: അമൃത്സറിനും ജാംനഗറിനും ഇടയിലുള്ള ഗ്രീൻ എക്‌സ്പ്രസ് ഹൈവേ ജൂലൈ എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്. 20000 കോടിയിലധികം രൂപ ചെലവഴിച്ചാണ് എക്‌സ്പ്രസ് ഹൈവേയുടെ നിർമ്മാണമെന്നാണ് വിവരം.

ഈ ഹൈവേയോടെ അമൃത്സറിനും ജാംനഗറിനും ഇടയിലുള്ള യാത്ര 23 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ചുരുങ്ങും. രാജസ്ഥാനിലെ അഞ്ച് ജില്ലകളും ഈ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. ഇടവഴി ഹോട്ടലുകൾ, ടോൾ പ്ലാസകൾ, പെട്രോൾ പമ്പുകൾ, ചാർജിംഗ് സെന്ററുകൾ എന്നിവയും ഹൈവേയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ദേശീയപാതാ അതോറിറ്റി ആണ് എക്‌സ്പ്രസ് ഹൈവേ നിർമ്മിച്ചത്.

ഈ ഹൈവേയുടെ ഏകദേശം 915.85 കിലോമീറ്റർ ഗ്രീൻഫീൽഡ് പാലിച്ചും ബാക്കിയുള്ളവ നിലവിലുള്ള ദേശീയ പാതകൾ നവീകരിച്ചും നിർമ്മിക്കും. ചരക്ക് ഗതാഗതം ത്വരിതപ്പെടുത്തുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന പ്രധാന ലക്ഷ്യത്തോടെ 2019 ലാണ് ലൈനിന്റെ ഗ്രീൻഫീൽഡ് സെഗ്മെന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

കപൂർത്തല-അമൃത്‌സർ സെക്ഷൻ ഉൾപ്പെടെയുള്ള എക്‌സ്‌പ്രസ് വേ യാത്രാ ദൈർഘ്യം 26 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി കുറയ്ക്കുകയും അമൃത്‌സറിനും ജാംനഗറിനും ഇടയിലുള്ള ദൂരം 1,430 കിലോമീറ്ററിൽ നിന്ന് 1,316 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്യും. 

കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനിമുതൽ ക്യൂ നില്‍ക്കേണ്ടതില്ല. മുസ്‌റായ് (ദേവസ്വം) കമ്മീഷണര്‍ എച്ച് ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്‌മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും, 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം.

കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ രം​ഗത്തെത്തിയിരുന്നു. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്ന് അവർ പറഞ്ഞു. വന്ദനയെ രക്ഷിക്കാൻ ഒരു ശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.

എംബിബിഎസ് വിദ്യാർഥികൾ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിനു പകരമായി നീളമുള്ള കൈകളോടു കൂടിയ സ്‌ക്രബ് ജാക്കറ്റുകളും ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.

സാങ്കേതിക വിഷയമായതിനാൽ ആരോഗ്യ പ്രോട്ടോകോൾ സംബന്ധിച്ച് അധ്യാപകർ തന്നെ വിദ്യാർഥികളോടു വിശദീകരിക്കുമെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. സാങ്കേതികമായ പ്രോട്ടോകോളിന്റെ അടിസ്ഥാനം ഓപ്പറേഷൻ തിയറ്ററിൽ അണുബാധയേൽക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണു ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിരിക്കുന്നത്.

അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു തിയറ്റർ അടച്ചിട്ടാൽ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണു തുറക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ സർജൻമാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഓപ്പറേഷൻ തിയറ്ററിൽ തല മറയ്ക്കാൻ അനുവദിക്കുന്നില്ലെന്നു വിദ്യാർഥികളുടെ കത്തിൽ പറയുന്നു.

ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തിയതിനു മലയാളിക്ക് സമ്മാനവുമായി എത്തി ഗൂഗിൾ. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം– 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്.

ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ലൗഡ് വൾനറബിലിറ്റി ഗവേഷണത്തെക്കുറിച്ചുള്ള അറിവ് ലോകവുമായി പങ്കിടുന്നതിനുമായിരുന്നു Google Cloud VRP എന്ന മത്സരം സംഘടിപ്പിച്ചത്. സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം.

2022ൽ ഗൂഗിളിലെ 2900ൽ അധികം സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തി പരിഹരിച്ചത്. 12 മില്യണിലധികം ബൗണ്ടി റിവാർഡുകളും നൽകി. അതായത് ഗൂഗിൾ കഴിഞ്ഞ വർഷംതന്നെ നൽകിയത് ഏകദേശം 100 കോടിയോളം രൂപയാണ്. മൂന്ന് റിപ്പോർട്ടുകൾ നൽകിയതോടെ ശ്രീറാം ഏകദേശം ഒരു കോടിയോളം രൂപയാണ് നേടിയത്.