എംബിബിഎസ് വിദ്യാർഥികൾ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിനു പകരമായി നീളമുള്ള കൈകളോടു കൂടിയ സ്‌ക്രബ് ജാക്കറ്റുകളും ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.
സാങ്കേതിക വിഷയമായതിനാൽ ആരോഗ്യ പ്രോട്ടോകോൾ സംബന്ധിച്ച് അധ്യാപകർ തന്നെ വിദ്യാർഥികളോടു വിശദീകരിക്കുമെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. സാങ്കേതികമായ പ്രോട്ടോകോളിന്റെ അടിസ്ഥാനം ഓപ്പറേഷൻ തിയറ്ററിൽ അണുബാധയേൽക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണു ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിരിക്കുന്നത്.
അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു തിയറ്റർ അടച്ചിട്ടാൽ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണു തുറക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ സർജൻമാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഓപ്പറേഷൻ തിയറ്ററിൽ തല മറയ്ക്കാൻ അനുവദിക്കുന്നില്ലെന്നു വിദ്യാർഥികളുടെ കത്തിൽ പറയുന്നു.

