Highlights (Page 30)

വീടില്ലാതെ ചേരിയിൽ കഴിയുന്നവർക്ക് സ്വന്തമായി കൂരയാകുന്നു. ചേരിയിൽ കഴിഞ്ഞ 398 കുടുംബങ്ങളാണ് ആറു മാസത്തിനു ശേഷം ഫ്ലാറ്റിലേക്ക് മാറുന്നത്. ഓരോ ഫ്ലാറ്റിലും രണ്ട് മുറി, ഹാൾ, അടുക്കള, ബാൽക്കണി തുടങ്ങിയവയാണ് ഉള്ളത്. ആകെ 320 ചതുരശ്ര അടി. ഫോർട്ട് കൊച്ചി തുരുത്തി കോളനിയിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ കൊച്ചി കോർപ്പറേഷൻ നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതിയാണ്.

രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് ഇത്തരത്തിൽ ചേരിയിൽ കഴിയുന്നവർക്കായി കൊച്ചി നഗരസഭാ ഫ്ലാറ്റ് വെച്ച് നൽകുന്നത്. 2017ൽ പണി തുടങ്ങിയ ആദ്യ സമുച്ചയം ഏകദേശം പൂർത്തിയായ അവസ്ഥയിലാണ്. എറണാകുളം സിഡ്‌കോ അസോസിയേറ്റ്‌സാണ് ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നത്. 36 കോടി രൂപയാണ് ചെലവായത്. കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന രണ്ടാം സമുച്ചയത്തിന്റെ ഏഴ് നിലകൾ പൂർത്തിയായി. 46 കോടിയാണ് കരാർ തുക.

ജപ്പാനെതിരെ രംഗത്തെത്തി അയൽരാജ്യങ്ങൾ. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍നിന്ന് 220 കിലോ മീറ്റര്‍ അകലെ ജപ്പാന്റെ കിഴക്കന്‍ തീരത്തുള്ള ഫുതാബ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫുകുഷിമ നിലയത്തിൽ നിന്നും ആണവമാലിന്യങ്ങൾ പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്നതിനെ തുടർന്നാണ് ജപ്പാനെതിരെ അയൽരാജ്യങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. 2011-ലെ സുനാമിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂലം 2019-ല്‍ ഫുകുഷിമ ആണവ പ്ലാന്റ് ഡികമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പ്ലാന്റ് തണുപ്പിക്കുന്നതിന്റെ ഭാഗമായി വലിയ ടാങ്കുകളിലായി പ്ലാന്റിനുള്ളിൽ വെള്ളം സംഭരിച്ച് വെച്ചിട്ടുണ്ട്.

ഇത് ഭൂഗർഭ കുഴലിലൂടെ പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. എന്നാൽ സമുദ്രത്തിലേക്കുള്ള വെള്ളമൊഴുക്കലിനെ അപകടകരമായ നിര്‍ദേശം എന്നാണ് ഹവായ് സര്‍വ്വകലാശാലയിലെ മറൈന്‍ ലബോറട്ടറിയുടെ ഡയറക്ടര്‍ റോബര്‍ട്ട് എച്ച്.റിച്ച്മണ്ട് വിശേഷിപ്പിച്ചത്. ആണവ മലിനജലം നേര്‍പ്പിക്കുന്നത് സമുദ്രജീവികള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ മതിയാകില്ല. ട്രിട്രിയം പോലെയുള്ള മലിനീകരണ ഘടകങ്ങള്‍ക്ക് ഭക്ഷ്യശൃംഖലയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും.

അത് സമുദ്ര ആവാസവ്യവസ്ഥയില്‍ കാലങ്ങളോളം നിലനില്‍ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ സമുദ്രങ്ങള്‍ ഇതിനകംതന്നെ കാലാവസ്ഥാ വ്യതിയാനം, അമ്ലവത്കരണം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സമ്മര്‍ദത്തിലാണ്. അതിനാല്‍ ആണവ ജലമൊഴുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ആ അപകട സാധ്യത ഏഷ്യ-പസഫിക് മേഖലയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്.

തിരുവനന്തപുരം: ഇനി ഉത്സവ ദിനങ്ങളിൽ കെഎസ്ആർടിസിയിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. ആദ്യ ഘട്ടമായി ഓണത്തിന് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. ഉത്സവ ദിനങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് ഉയരുക. എക്‌സ്പ്രസ് മുതലുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിൽ മാത്രമാണ് നിരക്ക് വർദ്ധിക്കുക.

ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് നിരക്ക് വർദ്ധന നടപ്പിലാക്കുന്നത്. സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്കിൽ അഞ്ച് ശതമാനം വർദ്ധനവുണ്ടാകും. എന്നാൽ ഉത്സവദിനങ്ങളല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ ടിക്കറ്റ് നിരക്കിൽ കുറവുവരുത്താനും തീരുമാനമായി. 15 ശതമാനം വരെയാണ് ഈ ദിവസങ്ങളിൽ നിരക്കിൽ വ്യത്യാസം വരുത്തുന്നത്.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രശേഖര റാവു പ്രവർത്തിക്കുന്നത് തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയ്ക്കും കുടുംബ ഭരണത്തിനുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാറങ്കലിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രവർത്തിക്കുന്നത് ജനക്ഷേമത്തിന് വിരുദ്ധമായാണ്. തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്നാണ് കെസിആർ കരുതുന്നത്. കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിൽ വലിയ കാലതാമസമുണ്ടാകുന്നു. അവർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഭരണകാലത്ത് ബി.ആർ.എസ് കേന്ദ്രത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാൽ, ബിജെപി സർക്കാർ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 6100 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തെലങ്കാനയിൽ തറക്കല്ലിട്ടത്.

കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. വരും മണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്ന് തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്.

ഇന്ന് കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും, തുടർന്ന് മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അല‌ർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല സംസ്ഥാനങ്ങളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.

ടോക്കിയോ: കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തിലേറെ ആളുകൾ ജർമനിയിലെ കത്തോലിക്കാ സഭയിൽ നിന്നും അംഗത്വം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ബോൺ ആസ്ഥാനമായുള്ള ജർമ്മൻ ബിഷപ്പ് കോൺഫറൻസ് പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. 2022ൽ 522821 ആളുകൾ സഭ വിട്ടുപോയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സഭയുടെ കണക്കുകൂട്ടലുകൾക്കും നിരീക്ഷകരുടെ പ്രവചനങ്ങൾക്കുമെല്ലാം അപ്പുറമുള്ള സംഖ്യയാണിത്.

3,60,000 പേരാണ് 2021ൽ ജർമനിയിൽ നിന്നും കത്തോലിക്കാ സഭയിലെ അംഗത്വം ഉപേക്ഷിച്ചത്. 2022 വരെയുള്ള കണക്കുകൾ പ്രകാരം ജർമൻ കത്തോലിക്കാ സഭയിൽ 21 ദശലക്ഷം അംഗങ്ങളുണ്ട്. ഇത് ജനസംഖ്യയുടെ 24.8 ശതമാനത്തോളം വരും. ലൈംഗിക പീഡനങ്ങൾ, സഭാ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പള്ളി കരം തുടങ്ങിയവയാണ് ക്രിസ്ത്യൻ സഭകൾ വിടുന്നതിനുള്ള മുഖ്യ കാരണങ്ങളായി പറയുന്നത്. ഈ സംഭവങ്ങളെല്ലാം വിശ്വാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കത്തോലിക്കാ സഭയുടെ മാത്രമല്ല, മറ്റ് സഭകളുടെ കാര്യവും സമാനമായ രീതിയിൽ തന്നെയാണ്. 380,000 ലക്ഷം പേരാണ് പ്രൊട്ടസ്റ്റ്ന്റ് സഭയിൽ നിന്ന് കഴിഞ്ഞ വർഷം അംഗത്വം ഉപേക്ഷിച്ച് പുറത്തുപോയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം വരെയുള്ള കണക്കുകൾ പ്രകാരം ജർമനിയിൽ പ്രൊട്ടസ്റ്റ്ന്റ് സഭയ്ക്ക് 19.5 ദശലക്ഷം അംഗങ്ങളുണ്ട്.

ഇന്ത്യൻ മിസൈൽ രഹസ്യങ്ങൾ പാക് വനിതയ്ക്ക് ചോർത്തി നൽകി ശാസ്ത്രജ്ഞൻ. ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ആണ് പാക് ചാരവനിതയിൽ ആകൃഷ്ടനായി മിസൈൽ വിവരങ്ങൾ ചോർത്തി നൽകിയത്. ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3ന് ഔദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്ത കുരുൽക്കർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സാറ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങൾ കുൽക്കർ വിശദീകരിച്ചത്. സാറയുമായി വാട്സാപ്പിലൂടെയും കുൽക്കർ സംസാരിച്ചിട്ടുണ്ട്. അശ്ളീല മെസ്സേജുകളും വിഡിയോകളും സാറ കുൽക്കറുമായി പങ്കുവെച്ചതായി അന്വഷണ സംഘം വ്യക്തമാക്കുന്നു. 2022 ജൂൺ മുതൽ ഡിസംബർ വരെ ഇരുവരും തമ്മിൽ സംഭാഷണം നടന്നിട്ടുണ്ട്.

ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനുള്ള നീക്കങ്ങളും പാക്ക് ഏജന്റിൽ നിന്നുണ്ടായിട്ടുണ്ടെന്നും അന്വേഷണ സംഘം വിശദമാക്കുന്നു. ‘കുരുൽകർ ചാരവനിതയിൽ ആകൃഷ്ടനായി. ഡിആർഡിഒയുടെ രഹസ്യവിവരങ്ങൾ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നൽകുകയും ചെയ്തു.’’– എന്നാണ് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

കർണാടകയിലെ നഴ്സിംഗ് പഠന തട്ടിപ്പിനെ തുടർന്ന് ഏജന്റുമാരെ നിയന്ത്രിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അറിയിച്ചു. നിയമത്തിന്റെ കരട് തയാറാക്കാൻ സമിതിയെ നിയോഗിച്ചതായും, നിയമം ഉടൻ പാസാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ നിന്നും നഴ്സിംഗ് പഠനത്തിന്റെ മറവിൽ ഓരോ വർഷവും അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയയും കേരളത്തിലെ ഏജന്റുമാരും തട്ടിയെടുക്കുന്നത് 1000 കോടിയോളം രൂപയാണ്. സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകളുടെ കുറവും, വിദ്യാഭ്യാസ വായ്പ ലഭിക്കുമെന്ന വാഗ്ദാനവുമാണ് സംസ്ഥാനത്തെ വിദ്യാർത്ഥികളെ അന്യസംസ്ഥാനത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും ഈ തട്ടിപ്പിന് ഇരയാകുന്നത്.

വിയറ്റ്നാമിലേക്ക് കേരളത്തിൽനിന്നു നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്നും വിയറ്റ്നാം സ്ഥാനപതി ന്യൂയെൻ തൻ ഹായ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊച്ചിയിൽനിന്നു വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്കു നേരിട്ട് വിമാനം ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം തുടങ്ങി വിവിധ മേഖലകൾക്ക് ഇതു കരുത്ത് പകരും. ബെൻ ട്രെ പ്രവിശ്യാ നേതാക്കൾ കേരളം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ തുടർ അന്വേഷണത്തിന് ഉപാധികളോടെ അനുമതി നൽകി കോടതി. തിരുവനന്തപുരം സി ജെ എം കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്.

അന്വേഷണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നുമാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.

സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റതടക്കമുള്ള കൂടുതൽ വസ്തുതകളിൽ തുടരന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. സമാന ആവശ്യം ഉന്നയിച്ച് . ഇഎസ് ബിജിമോളും ഗീതാഗോപിയും ഹർജി നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം അവർ തന്നെ ഈ ഹർജി പിൻവലിച്ചിരുന്നു.