Highlights (Page 29)

മുംബൈ: ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിലാണ് പുള്ളിപ്പുലി എത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറുകയായിരുന്നു. ഫിലിം സിറ്റിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തിയതോടെ സിനിമ പ്രവർത്തകരും തൊഴിലാളികളും പരിഭ്രാന്തിയിലായി. പുള്ളിപ്പുലിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

വിവിധ ഉദ്യോഗസ്ഥർ മേഖലയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. പുലി വീണ്ടും എത്തുമോയെന്നാണ് ഫിലിം സിറ്റിയിൽ ജോലി ചെയ്യുന്നവരുടെ ആശങ്ക. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ അതിർത്തിയോട് ചേർന്നാണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. പുള്ളിപ്പുലികൾ ധാരാളമുള്ള മേഖലയാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ജനങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ വനംവകുപ്പ് പുറത്തിറക്കി. വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽക്കൂടി പരമാവധി കൂട്ടമായി തന്നെ നടക്കാൻ ആളുകൾ ശ്രദ്ധിക്കണം. ഇരുട്ടുള്ള ഭാഗത്തേക്ക് പോകാതിരിക്കണം. അങ്ങനെ പോകുകയാണെങ്കിൽ മൊബൈൽ റേഡിയോ കഴിയുമെങ്കിൽ ഓൺ ചെയ്തു സൂക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി റോസ് അവന്യൂ കോടതി. കനത്ത സുരക്ഷയിലാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. സിവിൽ ഡ്രസിൽ ഉൾപ്പടെ പൊലീസുകാരും കോടതിക്ക് പുറത്ത് അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു.

വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക പരാതി നൽകിയത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടും. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

അതേസമയം, പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റം ചൂണ്ടിക്കാണിക്കാൻ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) റദ്ദാക്കാനും ഡൽഹി പോലീസ് ശുപാർശ ചെയ്തിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് രാജി വെക്കാനുള്ള ബിജു പ്രഭാകറിന്റെ ആവശ്യം നിരസിച്ച് സംസ്ഥാന സർക്കാർ. ധനകാര്യ വകുപ്പ് ശമ്പളത്തിനുള്ള തുക വൈകിക്കുന്നതിന്റെ പേരിൽ സിഎംഡി ഒഴിയേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. നിലപാടാണ് ബിജു പ്രഭാകർ ഉന്നയിച്ച വിഷയങ്ങൾ ആന്റണി രാജു മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

ശമ്പള വിതരണം തടസപ്പെട്ടതോടെ ഒരുവിഭാഗം ജീവനക്കാർ ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ചത്. കോടതിയിൽ മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് ഇതിന് പിന്നിലെ മറ്റൊരു കാരണം. ഉഴപ്പുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസിയിൽ 1243 ജീവനക്കാർ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അവർ ഇടക്കിടക്ക് വന്നു ഒപ്പിട്ടുപോകും. അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണ്. അത്തരക്കാർ വിആർഎസ് എടുത്തു പോകണം. അത്തരക്കാർക്കെതിരെ പിരിച്ചു വിടൽ നടപടിയുണ്ടാകും. നോട്ടീസ് കൈപ്പറ്റാത്തവർ വരെയുണ്ട്. ഇവരെക്കുറിച്ച് പത്രത്തിൽ ഫുൾപേജ് പരസ്യം നൽകും. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി. ഉഴപ്പുന്നവരുമായി ഇനിയും സഹിക്കാൻ കഴിയില്ല. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്നവരുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൂലൈ 16 മുതൽ മരുന്ന് നൽകി വരുന്നത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മേഖലകളായി തിരിച്ച് തിരുവന്തപുരം എസ്.എ.ടി. ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. സെന്റർ ഓഫ് എക്സലൻസ് വഴി അപൂർവ രോഗങ്ങളുള്ള 153 പേർ രജിസ്റ്റർ ചെയ്തു. സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴി ടെക്നിക്കൽ കമ്മിയുടെ പരിശോധനയും മാർഗനിർദേശ പ്രകാരവും അർഹരായ രോഗികൾക്ക് അതത് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതുകൂടാതെ എസ്.എം.എ. ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ സൗജന്യമായി നടത്തിയത്. മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ ജനറ്റിക്സ് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ആധുനിക രീതിയിലുള്ള നവീകരണത്തിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അംഗീകാരം നൽകി. വാഹനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ ആവശ്യമായ പാർക്കിംഗ് സൗകര്യവും, സാധ്യമായ ഇടങ്ങളിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനവും സജ്ജമാക്കും.

പുത്തരിക്കണ്ടം മൈതാനത്തിന് പുറകിലും തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ സൗത്ത് ഗേറ്റിന്റെ എതിർവശത്ത് പവർഹൗസ് റോഡിലും വാണിജ്യ സമുച്ചയവും പാർക്കിംഗ് സൗകര്യവും ഒരുക്കും. കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള ചാലക്കമ്പോളത്തിലെ പ്രധാനപാത കാൽനട യാത്രക്കാർക്ക് മാത്രമായിരിക്കും. ചാലക്കമ്പോളത്തിന്റെ എട്ട് പ്രധാന പ്രവേശന റോഡുകളിൽ ഏകീകൃത രീതിയിലുള്ള സ്ഥിരം കമാനങ്ങൾ നിർമ്മിക്കും. കിഴക്കേകോട്ടയിലും കിള്ളിപ്പാലത്തും പ്രധാന കവാടങ്ങളും, പവർഹൗസ് റോഡിലും കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡിലും ചെറിയ കവാടങ്ങളും ഒരേ മാതൃകയിൽ നിർമ്മിക്കും. കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെ ചാലക്കമ്പോളത്തിലെ വിവിധ ഭാഗങ്ങളിൽ ദിശാബോർഡുകളും അലങ്കാരവിളക്കുകളും സ്ഥാപിക്കും.

വേളി ടൂറിസം വില്ലേജിൽ 20 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൺവെൻഷൻ സെന്ററും അനുബന്ധ സംവിധാനങ്ങളും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി തുറന്നു കൊടുക്കുവാനും ബീമാപ്പള്ളി, വെട്ടുകാട് എന്നിവിടങ്ങളിലെ അമിനിറ്റി സെന്ററുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കുവാനും യോഗം തീരുമാനിച്ചു. ശംഖുമുഖത്ത് 6.6 കോടി രൂപ മുടക്കി നവീകരണ പദ്ധതി ആരംഭിക്കാനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകി. ശ്രീകണ്‌ഠേശ്വരം പാർക്കിന്റെ നവീകരണത്തിനായി രൂപരേഖ തയ്യാറാക്കി മൂന്ന് മാസത്തിനകം നിർമ്മാണം തുടങ്ങുവാൻ തീരുമാനിച്ചു.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തിരുവനന്തപുരം സ്മാർട്ട്‌സിറ്റി സിഇഒ അരുൺകുമാർ, ജനപ്രതിനിധികൾ, തിരുവനന്തപുരം നഗരസഭ, പോലീസ്, കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തരധനസഹായം നൽകാനാണ് സർക്കാരിന്റെ തീരുമാനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും മമത ബാനർജി വ്യക്തമാക്കി.

ഇക്കാര്യത്തിൽ സർക്കാർ കക്ഷി രാഷ്ട്രീയം നോക്കില്ലെന്നും മമത പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ മുന്നേറ്റമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം. 19 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

അതേസമയം, ആക്രമണങ്ങളിൽ 37 പേർ കൊല്ലപ്പെട്ടു എന്ന തരത്തിൽ പുറത്തു വന്ന വാർത്ത മമത നിഷേധിച്ചു. അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് കൂടുതലും തൃണമൂൽ അംഗങ്ങളാണെന്നാണ് മമത പറയുന്നത്. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വസ്തുതാ അന്വേഷണ സമിതിയെ നിയോഗിച്ച ബിജെപിക്കെതിരെ മമത വിമർശനം ഉന്നയിക്കുകയും ചെയ്തു. മണിപ്പൂരും അസമും കത്തിയപ്പോൾ ബിജെപി എവിടെയായിരുന്നുവെന്നാണ് മമത ചോദിക്കുന്നത്.

തക്കാളി വില ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ തക്കാളിയുടെ വില പിടിച്ച് നിർത്താൻ മുൻകയ്യെടുത്ത് കേന്ദ്രം. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം.

സംഭരിക്കുന്ന തക്കാളി ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദശങ്ങളില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുമെന്നും, വിതരണം ചെയ്യേണ്ട പ്രദേശങ്ങൾ പ്രത്യേക മാനദണ്ഡമനുസരിച്ച് കണ്ടെത്തുമെന്നും അറിയിച്ചു.

കേരള പോലീസിലേക്ക് നായക്കുഞ്ഞുങ്ങളെ വാങ്ങിയതിൽ വൻ അഴിമതിയെന്ന് വിജിലൻസ്. തൃശൂർ കേരള പൊലീസ് അക്കാഡമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂളിലേയ്ക്ക് നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലാണ് തിരിമറി നടന്നതായി കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡ് നോഡൽ ഓഫീസറും കെ എ പി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റുമായ എ എസ് സുരേഷിനെ സസ്‌പെൻഡ് ചെയ്തു.

നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്തിയ വിജിലൻസ് കഴിഞ്ഞവർഷം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മറ്റ് സേനകൾ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും നായക്കുഞ്ഞുങ്ങളെ വാങ്ങിയത്. അക്കാഡമിയിലെ നായകളെ ചികിത്സിക്കുന്നതിന് അസിസ്റ്റന്റ് കമാൻഡന്റ് എ എസ് സുരേഷ് പ്രത്യേക താത്‌പര്യമെടുത്ത് ജില്ലാ ലാബ് ഓഫീസറെ നിയോഗിച്ചതായും രഹസ്യാന്വേഷണത്തിൽ കണ്ടെത്തി‌.

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയത്. ഡൽഹിയിലും ഹരിയാനയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് യമുന നദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്നാണ് നടപടി. ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ഉത്തരേന്ത്യയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. മുതിർന്ന മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി തദ്ദേശ ഭരണകൂടങ്ങളും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുകയും എല്ലാവിധ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ന് ദേശീയപാത-44 ലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങൾ മുഗൾ റോഡ് വഴി പോകണമെന്നണ് ജമ്മു കശ്മീർ പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. ഇക്കാര്യങ്ങൾക്ക് അങ്കണവാടി വർക്കർമാരുടെ സേവനം ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിവിധ വയോജനപദ്ധതികൾ സംബന്ധിച്ച് വയോജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അവബോധമില്ലാത്തത് മൂലം അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഉപയോഗിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹ്യനീതി വകുപ്പിന് ജില്ലകളിൽ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്ക് തലത്തിൽ ഓഫീസുകൾ പ്രവർത്തിപ്പിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി എല്ലാ ബ്ലോക്കിലും വയോമിത്രം കോ-ഓർഡിനേറ്റർമാരെ നിയമിക്കണം. ജില്ലാ സാമൂഹ്യനീതി ഓഫീസർ അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം. മൂന്ന് മാസത്തിൽ ഒരിക്കൽ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോർട്ട് പരിശോധിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തനമെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു അന്തേവാസിക്ക് 80 ചതുരശ്ര അടി എന്ന കണക്കിൽ സ്ഥല സൗകര്യം ഒരുക്കണമെന്നാണ് നിഷ്‌കർഷ. മന്ദിരങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കലിന് അപേക്ഷ ലഭിച്ചാൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ മന്ദിരം സന്ദർശിച്ച് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിട്ടേർത്തു.

സർക്കാർ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് മാത്രമായി ഇപ്പോൾ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. മന്ത്രിമാരായ ആർ ബിന്ദു, വീണാ ജോർജ് എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ വി വേണു, പ്രിൻസിപ്പൽ സെക്രട്ടറിമാരായ ശർമിള മേരി ജോസഫ്, മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.