ജപ്പാനെതിരെ രംഗത്തെത്തി അയൽരാജ്യങ്ങൾ. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍നിന്ന് 220 കിലോ മീറ്റര്‍ അകലെ ജപ്പാന്റെ കിഴക്കന്‍ തീരത്തുള്ള ഫുതാബ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫുകുഷിമ നിലയത്തിൽ നിന്നും ആണവമാലിന്യങ്ങൾ പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്നതിനെ തുടർന്നാണ് ജപ്പാനെതിരെ അയൽരാജ്യങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. 2011-ലെ സുനാമിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂലം 2019-ല്‍ ഫുകുഷിമ ആണവ പ്ലാന്റ് ഡികമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പ്ലാന്റ് തണുപ്പിക്കുന്നതിന്റെ ഭാഗമായി വലിയ ടാങ്കുകളിലായി പ്ലാന്റിനുള്ളിൽ വെള്ളം സംഭരിച്ച് വെച്ചിട്ടുണ്ട്.
ഇത് ഭൂഗർഭ കുഴലിലൂടെ പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. എന്നാൽ സമുദ്രത്തിലേക്കുള്ള വെള്ളമൊഴുക്കലിനെ അപകടകരമായ നിര്‍ദേശം എന്നാണ് ഹവായ് സര്‍വ്വകലാശാലയിലെ മറൈന്‍ ലബോറട്ടറിയുടെ ഡയറക്ടര്‍ റോബര്‍ട്ട് എച്ച്.റിച്ച്മണ്ട് വിശേഷിപ്പിച്ചത്. ആണവ മലിനജലം നേര്‍പ്പിക്കുന്നത് സമുദ്രജീവികള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ മതിയാകില്ല. ട്രിട്രിയം പോലെയുള്ള മലിനീകരണ ഘടകങ്ങള്‍ക്ക് ഭക്ഷ്യശൃംഖലയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും.
അത് സമുദ്ര ആവാസവ്യവസ്ഥയില്‍ കാലങ്ങളോളം നിലനില്‍ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ സമുദ്രങ്ങള്‍ ഇതിനകംതന്നെ കാലാവസ്ഥാ വ്യതിയാനം, അമ്ലവത്കരണം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സമ്മര്‍ദത്തിലാണ്. അതിനാല്‍ ആണവ ജലമൊഴുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ആ അപകട സാധ്യത ഏഷ്യ-പസഫിക് മേഖലയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്.

