നഴ്‌സിംഗ് പഠനത്തട്ടിപ്പ് ; നിയമനിർമ്മാണം കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ

കർണാടകയിലെ നഴ്സിംഗ് പഠന തട്ടിപ്പിനെ തുടർന്ന് ഏജന്റുമാരെ നിയന്ത്രിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അറിയിച്ചു. നിയമത്തിന്റെ കരട് തയാറാക്കാൻ സമിതിയെ നിയോഗിച്ചതായും, നിയമം ഉടൻ പാസാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ നിന്നും നഴ്സിംഗ് പഠനത്തിന്റെ മറവിൽ ഓരോ വർഷവും അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയയും കേരളത്തിലെ ഏജന്റുമാരും തട്ടിയെടുക്കുന്നത് 1000 കോടിയോളം രൂപയാണ്. സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകളുടെ കുറവും, വിദ്യാഭ്യാസ വായ്പ ലഭിക്കുമെന്ന വാഗ്ദാനവുമാണ് സംസ്ഥാനത്തെ വിദ്യാർത്ഥികളെ അന്യസംസ്ഥാനത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും ഈ തട്ടിപ്പിന് ഇരയാകുന്നത്.