അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച് നൽകി ; ശാസ്ത്രജ്ഞനിൽ നിന്ന് പാക് ചാരവനിത ചോർത്തിയത് ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ

ഇന്ത്യൻ മിസൈൽ രഹസ്യങ്ങൾ പാക് വനിതയ്ക്ക് ചോർത്തി നൽകി ശാസ്ത്രജ്ഞൻ. ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ആണ് പാക് ചാരവനിതയിൽ ആകൃഷ്ടനായി മിസൈൽ വിവരങ്ങൾ ചോർത്തി നൽകിയത്. ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3ന് ഔദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്ത കുരുൽക്കർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സാറ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങൾ കുൽക്കർ വിശദീകരിച്ചത്. സാറയുമായി വാട്സാപ്പിലൂടെയും കുൽക്കർ സംസാരിച്ചിട്ടുണ്ട്. അശ്ളീല മെസ്സേജുകളും വിഡിയോകളും സാറ കുൽക്കറുമായി പങ്കുവെച്ചതായി അന്വഷണ സംഘം വ്യക്തമാക്കുന്നു. 2022 ജൂൺ മുതൽ ഡിസംബർ വരെ ഇരുവരും തമ്മിൽ സംഭാഷണം നടന്നിട്ടുണ്ട്.

ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനുള്ള നീക്കങ്ങളും പാക്ക് ഏജന്റിൽ നിന്നുണ്ടായിട്ടുണ്ടെന്നും അന്വേഷണ സംഘം വിശദമാക്കുന്നു. ‘കുരുൽകർ ചാരവനിതയിൽ ആകൃഷ്ടനായി. ഡിആർഡിഒയുടെ രഹസ്യവിവരങ്ങൾ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നൽകുകയും ചെയ്തു.’’– എന്നാണ് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.