വീടില്ലാതെ ചേരിയിൽ കഴിയുന്നവർക്ക് സ്വന്തമായി കൂരയാകുന്നു. ചേരിയിൽ കഴിഞ്ഞ 398 കുടുംബങ്ങളാണ് ആറു മാസത്തിനു ശേഷം ഫ്ലാറ്റിലേക്ക് മാറുന്നത്. ഓരോ ഫ്ലാറ്റിലും രണ്ട് മുറി, ഹാൾ, അടുക്കള, ബാൽക്കണി തുടങ്ങിയവയാണ് ഉള്ളത്. ആകെ 320 ചതുരശ്ര അടി. ഫോർട്ട് കൊച്ചി തുരുത്തി കോളനിയിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ കൊച്ചി കോർപ്പറേഷൻ നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതിയാണ്.
രാജീവ് ആവാസ് യോജന പദ്ധതി പ്രകാരമാണ് ഇത്തരത്തിൽ ചേരിയിൽ കഴിയുന്നവർക്കായി കൊച്ചി നഗരസഭാ ഫ്ലാറ്റ് വെച്ച് നൽകുന്നത്. 2017ൽ പണി തുടങ്ങിയ ആദ്യ സമുച്ചയം ഏകദേശം പൂർത്തിയായ അവസ്ഥയിലാണ്. എറണാകുളം സിഡ്‌കോ അസോസിയേറ്റ്‌സാണ് ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നത്. 36 കോടി രൂപയാണ് ചെലവായത്. കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന രണ്ടാം സമുച്ചയത്തിന്റെ ഏഴ് നിലകൾ പൂർത്തിയായി. 46 കോടിയാണ് കരാർ തുക.

