Highlights (Page 27)

തിരുവനന്തപുരം: സംസ്ഥാനത്തെ ഇതര സംസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആലുവയിൽ അഞ്ചു വയസുകാരിയെ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേസിലെ പ്രതി അസഫാക് അലമിന് 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ക്രിമിനൽ പശ്ചാത്തലവുമുണ്ട്. സമീപകാലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട പല ക്രിമിനൽ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 31 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ എത്ര പേർ ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് എന്ന് ആശങ്ക ഉയരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവരുടെ കൃത്യമായ എണ്ണമോ, പശ്ചാത്തലമോ ഒന്നും സർക്കാരിന്റെ പക്കലില്ല. 5 ലക്ഷം പേർ മാത്രമാണുള്ളത് എന്ന സർക്കാരിന്റെ ഔദ്യോഗിക കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസിലാക്കാൻ. 2016- 2022 കാലയളവിൽ 159 ഇതര സംസ്ഥാന തൊഴിലാളികൾ കൊലക്കേസ് പ്രതികളായിട്ടുണ്ട് എന്ന കണക്കും ഞെട്ടലുളവാക്കുന്നതാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നിലവിൽ നിർബന്ധമല്ല. ഇവർക്ക് പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റും നിലവിൽ ആവശ്യമില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വിശദമായ സർവെ നടത്താൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവരുടെ വ്യക്തമായ ഐഡന്റിറ്റി സർക്കാരിന്റെ പക്കൽ ഉണ്ടാകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കരുത്. അങ്ങനെയുള്ളവരെ അടിയന്തരമായി പുറത്താക്കാനും നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചാറ്റ് ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീൽ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആൻഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ആപ്ലിക്കേഷൻ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ചാറ്റ് ജിപിടിയിലെ ഹിസ്റ്ററി അതേ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളിലും ലഭ്യമാകും. ഒപ്പം പുതിയ മാറ്റങ്ങളും ഉണ്ടാകും. ചോദ്യങ്ങൾക്കുള്ള ഉത്തരം, നിർദേശങ്ങൾ, ലേഖനങ്ങൾ എഴുതുക തുടങ്ങിയ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോഗിക്കാനും ഇനി മുതൽ എളുപ്പമാകും.

‘കസ്റ്റമൈസ്ഡ് ഇൻസ്ട്രക്ഷൻസ്’ എന്ന പേരിൽ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവി ആശയവിനിമയങ്ങൾക്ക് ഉപയോഗിക്കാനാവും വിധം ചാറ്റ്ജിപിടിയോട് സംസാരിക്കാനാകുന്ന സൗകര്യമാണിത്. ചാറ്റ് ജിപിടി പ്ലസ് ബീറ്റാ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭിക്കും.

ചണ്ഡീഗഢ്: വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) റാലിക്കുനേരെ കല്ലേറ്. ഹരിയാനയിലാണ് സംഭവം. നൂഹിൽ നടന്ന റാലിയിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചു. വിഎച്ച്പി റാലിയിൽ ബജ്രംഗ് ദൾ പ്രവർത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് കാരണം.

രാജസ്ഥാനിൽ രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ പോലീസ് തിരയുന്നയാളാണ് മോനു മനേസർ. അഞ്ച് മാസത്തോളമായി ഇയാൾ ഒളിവിൽ കഴിയുകയാണ്. വി.എച്ച്.പിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് ഗുരുഗ്രാം – ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ നടന്നത്. പിന്നീട് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാൻ 1000-ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങൾ വീടുകൾക്കുള്ളിൽതന്നെ കഴിയണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

റാലിയിൽ പങ്കെടുക്കാനെത്തിയ പലരും സംഘർഷത്തെ തുടർന്ന് പോലീസ് സ്‌റ്റേഷനുകളിലും ക്ഷേത്രങ്ങളിലും അഭയം തേടിയിരിക്കുകയാണ്.

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമനത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

യുജിസിയും ജോസഫ് സ്‌കറിയയും നിയമനത്തിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് നിരീക്ഷണം നടത്തിയത്. എന്നാൽ, നിയമനം തത്ക്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആറാഴ്ചയ്ക്കു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് മാറ്റം. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം നൽകി.

മനോജ് എബ്രഹാമിനെ ഇന്റലിജൻസ് എഡിജിപിയായി നിയമിച്ചു. കെ പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി ഫയർ ഫോഴ്‌സിലേക്ക് നിയമിക്കുകയും ചെയ്തു. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി.

കൊച്ചി കമ്മീഷണർ സേതുരാമനെയും മാറ്റി പകരം എ. അക്ബറിനെ നിയമിച്ചു. സേതുരാമന് ഉത്തര മേഖല ഐജിയായാണ് നിയമനം നൽകിയത്.

അതേസമയം, നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. പൊലീസ് ബറ്റാലിയന്റെ അധിക ചുമതല എംആർ അജിത് കുമാറിന് നൽകി.

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.

മാപ്പുപറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല ആലുവയിലെ അഞ്ചു വയസ്സുകാരി പെൺകുഞ്ഞിന്റെ കൊലപാതകമെന്ന് കെ സുധാകരൻ പറഞ്ഞു.. ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കള്ളനും കൊലപാതകികൾക്കും അഴിമതിക്കാർക്കും മാത്രം പ്രോത്സാഹനം കിട്ടുന്ന അതിക്രൂര ഭരണമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു പിഞ്ചു പെൺകുട്ടിയെ കാണാതായിട്ടും ഗൗരവകരമായ അന്വേഷണം നടത്താൻ കേരളത്തിന്റെ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ല. കേവലം ഒരു മൈക്കിൽ നിന്നും ശബ്ദം കേട്ടതിന്റെ പേരിൽ നാട് നീളെയുള്ള പോലീസിനെ മുഴുവൻ ഇറക്കി മൈക്കിനെ കസ്റ്റഡിയിലെടുത്ത അൽപനാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.

സമൂഹത്തിൽ കള്ളും കഞ്ചാവും പടർത്തുകയും അക്രമകാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ഓരോ മലയാളികളും തിരിച്ചറിയണം. അമ്പേ പരാജയമായ ആഭ്യന്തരവകുപ്പിന്റെ കൂടി കെടുകാര്യസ്ഥത കൊണ്ട് പൊലിഞ്ഞുപോയ ആ കുരുന്നു ജീവന് മുന്നിൽ തങ്ങൾ ശിരസ്സ് നമിക്കുന്നുവെന്നും കെസുധാകരൻ അറിയിച്ചു.

സ്ത്രീകൾക്ക് മാത്രമല്ല പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്ന സ്ഥിതി ഗൗരവതരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയിൽ ബാലിക കൊല്ലപ്പെട്ട സംഭവത്തിൻ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിയെ കുറിച്ച് സൂചന കിട്ടുകയും സിസിറ്റിവി ക്യാമറയിൽ കുട്ടിയെ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സഹിതം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലപ്പോക്ക് നഷ്ടമാക്കിയത് വിലപ്പെട്ട ജീവനാണ്. ഇതിന് പൊലീസും സർക്കാരും ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹ്യവിരുദ്ധർക്ക് എന്തും ചെയ്യാൻ കഴിയുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. എത്രാമത്തെ തവണയാണ് നാം ‘മകളേ മാപ്പ്’ എന്ന് പറഞ്ഞ് കേഴുന്നത്. എത്ര തവണയാണ് പൊന്നോമനകളുടെ ചിത്രമിട്ട് നാം ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇന്നും ഒരു മാറ്റവുമില്ലാതെ സംസ്ഥാനത്തെ പൊലീസ് സംവിധാനം ഇവിടെ നിലനിൽക്കുന്നു. ഒട്ടുമേ ഭയമില്ലാതെ അക്രമികളും പീഡകരും സൈ്വര്യവിഹാരം നടത്തുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന ലഹരി ഈ നാട്ടിൽ സുഗമമായി ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മണിപ്പൂർ കലാപത്തിൽ സ്ത്രീകൾ നേരിട്ട അതിക്രമത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണിപ്പൂരിൽ മാത്രമല്ല, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എവിടെ നടന്നാലും അത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങളിൽ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്വേഷണ ഏജൻസികൾ ശരിയായ ജോലി ചെയ്താൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസം കാണുകയുള്ളൂ. ശരിയായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നാണ് താൻ കരുതുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയിലെ 20 എംപിമാർ ഇന്ന് മണിപ്പൂർ സന്ദർശിക്കും. 26 പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളോ പാർട്ടി പ്രതിനിധികളോ മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമാകും. മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും പ്രതിനിധി സംഘം സന്ദർശിക്കുന്നതാണ്. നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. ജൂൺ 29, 30 തീയതികളിലാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. മണിപ്പൂരിലെ സ്ഥിതി ഹൃദയഭേദകമാണെന്നായിരുന്നു സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ പ്രതികരണം. മണിപ്പൂർ ജനത സഹായത്തിനായി അപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവർ മൂഢസ്വർഗ്ഗത്തിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോൽപിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിന്റെ വിഷച്ചെടികൾ കേരളത്തിന്റെ മണ്ണിൽ വളരാത്തതിന് കാരണം നമ്മുടെ സ്നേഹവും സഹവർത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം ആർക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാൾക്കും അതെടുത്ത് വായിക്കാം. അതിൽ ദുരൂഹതകളില്ല. ദുർഗ്രാഹ്യതകളില്ല. മുസ്ലിം ലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവർക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല. ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ നമുക്ക് അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവർത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം. പ്രവർത്തികളിൽ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലർത്തണമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

കൊച്ചി: മദ്യനയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റേത് വിചിത്ര മദ്യനയമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യ വ്യാപനം ഉറപ്പാക്കുന്നതിനൊപ്പം ലഹരിക്കെതിരെ കാമ്പയിനും നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് സർക്കാർ ലക്ഷ്യം. ഒരുപഠനവും തയ്യാറാക്കാതെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്യനയം രൂപീകരിച്ചത്. മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വർധിപ്പിക്കുന്നതാണ് പുതിയ മദ്യനയം. ആരാണ് മദ്യനയം തയ്യാറാക്കിയതെന്ന് അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ അതിശക്തമായ പ്രചാരണം നടത്താൻ കൂടുതൽ പണം നൽകുമെന്ന് ഒരുസ്ഥലത്ത് പറഞ്ഞിരിക്കുകയാണ്. മറ്റൊരു സ്ഥലത്ത് പറഞ്ഞിരിക്കുന്നത്, ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ വർധിപ്പിച്ച് 559 എണ്ണമാക്കുമെന്നാണ്. എല്ലാ റെസ്റ്റോറന്റുകൾക്കും ബിയർ- വൈൻ പാർലർ ലൈസൻസ് നൽകുമെന്ന് പറയുന്നു. ലഹരിമരുന്നുകളുടെ ഉപഭോഗം ഗൗരവതരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. വിമുക്തിയല്ല, എൻഫോഴ്സമെന്റാണ് വേണ്ടത്. ശക്തമായ നടപടികളിലൂടെ രാസമരുന്നുകളുടെ വ്യാപനം നിയന്ത്രിക്കണം. എവിടെനിന്നാണ് ഇതു വരുന്നതെന്ന് എക്സൈസ് വകുപ്പിന് അറിവില്ല, അതിനുള്ള മാർഗങ്ങളില്ല. കൂടുതൽ പണം കൊടുത്ത് എക്സൈസിന് അതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ മെഡിക്കൽ കോളജിലെ എംബിബിഎസ് സീറ്റുകൾ നഷ്ടമായതിന്റെ ഉത്തരവാദിത്തം ആരോഗ്യവകുപ്പിനാണ്. കുറ്റകരമായ അനാസ്ഥയ്ക്ക് ആരോഗ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മലപ്പുറം : നവതിയാഘോഷിക്കുന്ന മലയാളത്തിന്റെ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുമായി കൂടി കാഴ്ച്ച നടത്തി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോട്ടയ്ക്കൽ ആര്യ വൈദ്യ ശാലയിൽ വച്ചായിരുന്നു ഇരുവരും കൂടി കാഴ്ച്ച നടത്തിയത്. തന്നെ കാണാനെത്തിയ രാഹുൽ ഗാന്ധിക്ക് എം ടി പേന സ്നേഹോപഹാരമായി നൽകി.

അദ്ദേഹത്തിന്റെ പുസ്തകങ്ങളെ കുറിച്ചും സിനിമകളെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ കോൺഗ്രസ് പങ്ക് വച്ചിരുന്നു. രാഹുൽ ഗാന്ധിക്കൊപ്പം എ ഐ സി സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി വേണുഗോപാലും ഉണ്ടായിരുന്നു. മുട്ട് വേദനയ്ക്കുൾപ്പെടെ ആശ്വാസം തേടിയാണ് രാഹുൽ ഗാന്ധി വൈദ്യശാലയിലെത്തിയത്.