Highlights (Page 28)

ഡൽഹി : കാർഗിൽ വിജയ് ദിവസമായ ഇന്ന് ധീര സൈനികരെ ഓർമിച്ച് ഇന്ത്യ. ദേശീയ യുദ്ധ സ്മാരകത്തിലും കാർഗിൽ ദ്രാസിലും സൈനികരുടെ ഓർമ പുതുക്കൽ ചടങ്ങ് നടന്നു. ദ്രാസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് മുഖ്യാതിഥിയായി സൈനികരുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. വേണ്ടി വന്നാൽ ഇന്ത്യ നിയന്ത്രണ രേഖ മറികടക്കുമെന്ന് പ്രതിരോധ മന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ഇന്ത്യയിലേക്ക് നുഴഞ്ഞു കേറിയതോടെയാണ് കാർഗിൽ മലനിരകളിൽ 1999 മെയ് 8 ന് യുദ്ധം ആരംഭിച്ചത്.

ജൂലൈ 26 ന് അവസാനിച്ച യുദ്ധത്തിൽ ഇന്ത്യയ്ക്ക് 527 വീര സൈനികരെ നഷ്ടമായി. ഓപ്പറേഷൻ സഫേദ് സാഗറെന്ന് വ്യോമസേനയും ഓപ്പറേഷൻ വിജയ് എന്ന് കരസേനയും വിശേഷിപ്പിച്ച ഈ പോരാട്ടത്തിൽ കാർഗിലിൽ ഇന്ത്യയുടെ പതാക പാറിയിട്ട് ഇന്നേക്ക് 24 വർഷമാവുകയാണ്. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ഓർമയ്ക്കായി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിക്കും

ഡൽഹി : പണി നടക്കാൻ പോകുന്ന വാരാണസി – കൊൽക്കത്ത എക്‌സ്പ്രെസ് ഹൈ വെയ്ക്ക് എൻ എച്ച് 319 ബി എന്ന് പേര് നൽകി നാഷണൽ ഹൈവേ അതോറിറ്റി. വാരണാസിയെയും കൊൽക്കത്തയെയും കൂടാതെ ബീഹാർ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെയും ഈ മേഖലയിലെ നഗരങ്ങളെയും ഈ ഹൈവേ ബന്ധിപ്പിക്കും. ഈ പാത പ്രാബല്യത്തിൽ വന്നാൽ വാരണാസിയിൽ നിന്ന് കൊൽക്കത്തയിലേക്ക് 7 മണിക്കൂർ സഞ്ചരിച്ചാൽ മതിയാകും. നിലവിൽ വാരാണസി -കൊൽക്കത്ത എന്നിവയ്ക്ക് ഇടയിലുള്ള എൻ എച്ച് 19 ന് ബദലായിയാവും പുതിയ പാത. 610 കിലോമീറ്റർ ദൈർഖ്യമുള്ള ഈ പാതയുടെ നിർമാണം ഉടൻ ആരംഭിക്കും.

പ്രധാനമായും ഈ രണ്ട് പ്രധാന നഗരങ്ങളിലേക്കുള്ള 80 കിലോമീറ്റർ കുറയ്ക്കാൻ ഈ എക്‌സ്പ്രസ് ഹൈവേ സഹായിക്കും. ഇപ്പോൾ 690 കിലോ മീറ്ററാണ് എൻ എച്ച് 19 ന്റെ ദൂരം. ഈ പാതയുടെ തെക്ക് വശത്തുകൂടി സമാന്തരമായി പോകുന്ന പുതിയ പാത 610 കിലോ മീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയായിരിക്കും. വാരണാസിക്ക് അടുത്തുള്ള ചന്ദോളിൽ നിന്നാണ് അതിവേഗപാത തുടങ്ങുന്നത്. മുഗൽസരായി പ്രവേശിക്കാതെ ബീഹാറിലെ ചന്ദിലൂടെ 160 കിലോമീറ്റർ ദൂരം പിന്നിട്ട് ഗയയിലെ ഇമാൻഗഞ്ചിൽ നിന്നാണ് പുറത്തു കടക്കുന്നത്. ഹൈവേയുടെ ചിലവ് ഏതാണ്ട് 35000 കോടി രൂപയാണ്.

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്ന് പേരിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യൻ മുജാഹിദീന്റെയും പേരിൽ ഇന്ത്യയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിശാബോധമില്ലാത്ത പ്രതിപക്ഷമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

കർണാടകയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിലാണ് സഖ്യത്തിന്റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചത്. ഇതോടെ ഇതുസംബന്ധിച്ച് വിവാദവും ആരംഭിച്ചു. ഇന്ത്യയെന്ന പേര് കൊളോണിയൽ ചിന്താഗതിയെന്ന വിമർശനവുമായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേര്. മുൻഗാമികൾ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോഴിക്കോട്: പൊലീസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ നടത്തിപ്പിനു പൊലീസുകാരുടെ ശമ്പളത്തിൽ നിന്നു മാസം തോറും പണം പിരിക്കുന്നതു തുടരാനുള്ള സിറ്റി പൊലീസ് അധികൃതരുടെ തീരുമാനം വിവാദത്തിൽ. സേനയ്ക്കുള്ളിൽ അതൃപ്തിയുണ്ടെന്ന സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു തീരുമാനം ആഭ്യന്തര വകുപ്പ് ഇടപെട്ടു റദ്ദാക്കിയിരിക്കുകയാണ്.

സർക്കുലർ പിൻവലിക്കണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ നിർദ്ദേശം നൽകി. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുഴുവൻ പൊലീസുകാരിൽ നിന്നും മാസം 20 രൂപ വീതം വീണ്ടും പിരിച്ചെടുക്കാൻ ക്ഷേത്ര പരിപാലന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും, സംഭാവന നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ 24 നു മുൻപായി അറിയിക്കണമെന്നും വ്യക്തമാക്കിയുള്ള അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന്റെ പുതിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടപടി വിവാദമായതിനെ തുടർന്നാണ് തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചത്.

മതപരമായ ചിഹ്നങ്ങൾ പോലും ഉപയോഗിക്കുന്നതിനു വിലക്കുള്ള സേനയിൽ ആരാധനാലയത്തിനു വേണ്ടി നിർബന്ധിത പിരിവു ശരിയല്ലെന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം.

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. മൂന്നു മാസം മുതൽ 12 മാസം വരെയാണ് സമയപരിധിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അന്വേഷണങ്ങൾ നീണ്ടുപോകാതിരിക്കാൻ ഡയറക്ടർ നൽകിയ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

വിജിലൻസ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിക്കാൻ തീരുമാനിച്ചത്. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശകൾ ഒരു മാസത്തിനകം നൽകണം, ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ, അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഡയറക്ടർ അനുമതി നൽകുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം, കൈക്കൂലി വാങ്ങുമ്പോൾ കൈയോടെ പിടികൂടിയാൽ 6 മാസത്തിനകം കുറ്റപത്രം നൽകണമെന്നും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്.

കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണവും കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണവുമെല്ലാം 12 മാസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. കോടതി നിർദ്ദേശമുണ്ടായാൽ സമയപരിധിയിൽ മാറ്റമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം : മണിപ്പൂരിൽ സമാധാനം നില നിർത്തേണ്ട ആളുകൾ കലാപം ആളിക്കത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ മണിപ്പൂർ വിഷയത്തിലുള്ള മൗനവും സംഘപരിവാർ അജണ്ടയും ആളുകൾ മനസിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ധ്രുവീകരണം ജനങ്ങൾ ചെറുത്തു നിർത്തേണ്ടതിന്റെ ആവശ്യകത ജനാധിപത്യ രാജ്യത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

രാജ്യത്തെ മത നിരപേക്ഷ സമൂഹം വിധ്വേഷം വിതയ്ക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചത്. മണിപ്പൂർ കലാപം ആളിക്കത്തിയതോടെ ലോകത്തിന്റെ പല കോണിൽ നിന്നും ആളുകൾ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

മണിപ്പൂരിലെ പർവത-താഴ്‌വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗ്ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണ്.

സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം.

May be an image of 1 person and text that says "22110 2023 മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് സംഘപരിവാറിൻ്റെ വർഗീയ അജണ്ടകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക O PINARAYIVIJAYAN"

All reactions:

3.8K3.8K

തിരുവനന്തപുരം : 53 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനായി മമ്മൂട്ടിയെയും രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി വിൻസി അലോഷ്യസിനെയും തിരഞ്ഞെടുത്തു.

ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്തെ മയക്കത്തിന് തന്നെയാണ് മികച്ച ചിത്രത്തിനുള്ള അവാർഡ്. 44 ചിത്രങ്ങൾ അവസാന ഘട്ടത്തിൽ ഉണ്ടായിരുന്ന പുരസ്കാരത്തിലെ ജേതാക്കളെ തിരഞ്ഞെടുത്തത് ബംഗാളി നടനും സംവിധായകനുമായ ഗൗതം ഘോഷാണ്. പുരസ്കാര ജേതാക്കളുടെ പ്രഖ്യാപനം നടത്തിയത് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ്.

മികച്ച സംവിധായകനുള്ള അവാർഡ് അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ സ്വന്തമാക്കി. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറിനും എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ചു. മികച്ച ഗായിക മൃദുല വാര്യരും മികച്ച ഗായകൻ കപിൽ കബലനുമാണ്. ആറാമത്തെ തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണെന്ന് റിപ്പോർട്ട്. ഡി കെ ശിവകുമാറിന്റെ ആസ്തി 1,400 കോടിയിലധികം രൂപയാണെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

1,413 കോടി രൂപയുടെ ആസ്തി ഡി കെ ശിവകുമാറിനുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്പന്നരായ എംഎൽമാരും കർണാടകയിൽ നിന്നുള്ളവരാണ്. കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1,267 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്. 1,156 കോടി രൂപയാണ് പ്രിയ കൃഷ്ണയുടെ ആസ്തി.

അതേസമയം, റിപ്പോർട്ടിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ രംഗത്തെത്തി. താൻ അതിസമ്പന്നനുമല്ല ദരിദ്രനുമല്ലെന്നായിരുന്നു റിപ്പോർട്ടിനോട് ശിവകുമാർ പ്രതികരിച്ചത്. ദീർഘനാളത്തെ തന്റെ സമ്പാദ്യമാണത്. അത് തന്റെ വ്യക്തിഗത സമ്പാദ്യമാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂ ഡൽഹി : കുനോ ദേശീയ ഉദ്യാനത്തിലുള്ള ചീറ്റകൾ ചാകുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. 40 % ചീറ്റകളും ചാകുന്നത് ഗുരുതര വീഴ്ചയാണെന്നും ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. ചീറ്റകളെ ഒരുമിച്ച് താമസിപ്പിക്കാതെ വ്യത്യസ്ത ആവാസ വ്യവസ്ഥ നോക്കിക്കൂടെയെന്നും കോടതി ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യയിൽ എത്തിച്ച ഭൂരിഭാഗം ചീത്തയും മരിച്ചത് പ്രൊജക്റ്റ് ചീറ്റയുടെ പരാജയമാണെന്നും ഇത് അഭിമാന പ്രശ്നമാക്കരുതെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, ജെ ബി പാർഥിവാല, പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എന്നാൽ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റിയാൽ ഭൂരിപക്ഷം ചീറ്റകളും ചാവുമെന്നത് നേരത്തെ വിദഗ്ധർ വ്യക്തമാക്കിയിരുന്നതായി കേന്ദ്രമറിയിച്ചു. 8 ചീറ്റകളാണ് ഇത് വരെയും ചത്തത്. 15 ചീറ്റകൾ ബാക്കിയായതോടെ വലിയ പ്രതിഷേധമാണ് പരിസ്ഥിതി മന്ത്രാലയത്തിനെതിരെ ഉയരുന്നത്. ചീറ്റകളുടെ റേഡിയോ കോളറിൽ നിന്നുള്ള അണുബാധയാകാം മരണകാരണമെന്ന് കരുതി ഇത് നീക്കി നിരീക്ഷിച്ചെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ റേഡിയോ കോളറല്ല മരണ കാരണമെന്ന് അത് മാറ്റി നിരീക്ഷിച്ചപ്പോൾ മനസിലായെന്നും കേന്ദ്രം കോടതി മുൻപാകെ പറഞ്ഞു

മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് വീഡിയോ പ്രചരിച്ചതിന് ശേഷം നടന്നത്. സാധാരണക്കാരും സിനിമാതാരങ്ങളുമെല്ലാം രംഗത്തെത്തിയതോടെ ഒരു അറസ്റ്റും കേസിൽ സംഭവിച്ചു.

ഖുരീം ഹീറോ ദോസ് എന്നയാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മെയ് 4 നാണ് ഒരു സമുദായത്തിലെ ഏതാനും പുരുഷന്മാർ മറ്റൊരു സമുദായത്തിലെ സ്ത്രീകളെ പീഡിപ്പിക്കുന്നതും റോഡിലൂടെ നഗ്നരായി നടത്തുന്നതുമായ വീഡിയോ പുറത്ത് വന്നത്. സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇടപെട്ട സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ വരെ നിർദേശം നൽകിയിരുന്നു.

വർഗീയ സംഘർഷം വളർത്താൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഭരണ ഘടനക്കെതിരായ ഗുരുതര ആരോപണമാണെന്നും ജസ്റ്റിസ് പ്രതികരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിയും അപലപിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സംഭവത്തിൽ തന്റെ ഹൃദയം തകർന്നെന്നും രാജ്യത്തിന് ഇത് ലജ്ജാവഹമെന്നും അദ്ദേഹം പ്രതികരിച്ചു. മാപ്പർഹിക്കാത്ത കുറ്റത്തിൽ ഒരാളെ പോലും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിക്ക് സർക്കാർ അമാന്തം കാണിച്ചാൽ സുപ്രീം കോടതി ഇടപെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.