ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമനത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.
യുജിസിയും ജോസഫ് സ്‌കറിയയും നിയമനത്തിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് നിരീക്ഷണം നടത്തിയത്. എന്നാൽ, നിയമനം തത്ക്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആറാഴ്ചയ്ക്കു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

