സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എവിടെ നടന്നാലും അത് ലജ്ജാകരം; ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മണിപ്പൂർ കലാപത്തിൽ സ്ത്രീകൾ നേരിട്ട അതിക്രമത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണിപ്പൂരിൽ മാത്രമല്ല, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എവിടെ നടന്നാലും അത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങളിൽ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്വേഷണ ഏജൻസികൾ ശരിയായ ജോലി ചെയ്താൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസം കാണുകയുള്ളൂ. ശരിയായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നാണ് താൻ കരുതുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയിലെ 20 എംപിമാർ ഇന്ന് മണിപ്പൂർ സന്ദർശിക്കും. 26 പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളോ പാർട്ടി പ്രതിനിധികളോ മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമാകും. മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും പ്രതിനിധി സംഘം സന്ദർശിക്കുന്നതാണ്. നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. ജൂൺ 29, 30 തീയതികളിലാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. മണിപ്പൂരിലെ സ്ഥിതി ഹൃദയഭേദകമാണെന്നായിരുന്നു സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ പ്രതികരണം. മണിപ്പൂർ ജനത സഹായത്തിനായി അപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.