തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.
മാപ്പുപറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല ആലുവയിലെ അഞ്ചു വയസ്സുകാരി പെൺകുഞ്ഞിന്റെ കൊലപാതകമെന്ന് കെ സുധാകരൻ പറഞ്ഞു.. ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കള്ളനും കൊലപാതകികൾക്കും അഴിമതിക്കാർക്കും മാത്രം പ്രോത്സാഹനം കിട്ടുന്ന അതിക്രൂര ഭരണമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു പിഞ്ചു പെൺകുട്ടിയെ കാണാതായിട്ടും ഗൗരവകരമായ അന്വേഷണം നടത്താൻ കേരളത്തിന്റെ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ല. കേവലം ഒരു മൈക്കിൽ നിന്നും ശബ്ദം കേട്ടതിന്റെ പേരിൽ നാട് നീളെയുള്ള പോലീസിനെ മുഴുവൻ ഇറക്കി മൈക്കിനെ കസ്റ്റഡിയിലെടുത്ത അൽപനാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.
സമൂഹത്തിൽ കള്ളും കഞ്ചാവും പടർത്തുകയും അക്രമകാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ഓരോ മലയാളികളും തിരിച്ചറിയണം. അമ്പേ പരാജയമായ ആഭ്യന്തരവകുപ്പിന്റെ കൂടി കെടുകാര്യസ്ഥത കൊണ്ട് പൊലിഞ്ഞുപോയ ആ കുരുന്നു ജീവന് മുന്നിൽ തങ്ങൾ ശിരസ്സ് നമിക്കുന്നുവെന്നും കെസുധാകരൻ അറിയിച്ചു.
സ്ത്രീകൾക്ക് മാത്രമല്ല പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്ന സ്ഥിതി ഗൗരവതരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയിൽ ബാലിക കൊല്ലപ്പെട്ട സംഭവത്തിൻ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിയെ കുറിച്ച് സൂചന കിട്ടുകയും സിസിറ്റിവി ക്യാമറയിൽ കുട്ടിയെ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സഹിതം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലപ്പോക്ക് നഷ്ടമാക്കിയത് വിലപ്പെട്ട ജീവനാണ്. ഇതിന് പൊലീസും സർക്കാരും ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹ്യവിരുദ്ധർക്ക് എന്തും ചെയ്യാൻ കഴിയുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. എത്രാമത്തെ തവണയാണ് നാം ‘മകളേ മാപ്പ്’ എന്ന് പറഞ്ഞ് കേഴുന്നത്. എത്ര തവണയാണ് പൊന്നോമനകളുടെ ചിത്രമിട്ട് നാം ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇന്നും ഒരു മാറ്റവുമില്ലാതെ സംസ്ഥാനത്തെ പൊലീസ് സംവിധാനം ഇവിടെ നിലനിൽക്കുന്നു. ഒട്ടുമേ ഭയമില്ലാതെ അക്രമികളും പീഡകരും സൈ്വര്യവിഹാരം നടത്തുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന ലഹരി ഈ നാട്ടിൽ സുഗമമായി ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

