ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
കീഴ്‌കോടതി നടപടികൾ മുൻകാല സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് നാലിന് കേസ് കോടതി വീണ്ടും പരിഗണിക്കും. ജൂലായ് 21ന് അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ സ്റ്റേ അനുവദിച്ചിട്ടില്ല. പരാതിക്കാരനായ പൂർണേഷ് മോദിയ്ക്കും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു.
2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകൾ സാധാരണമായതെന്നും എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകുമെന്നുമായിരുന്നു രാഹുൽ നടത്തിയ പരാമർശം. സംഭവത്തെ തുടർന്ന് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ബിജെപി എം എൽ എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.

