കോഴിക്കോട് : കോഴിക്കോട് ടൗണിൽ ഡ്രോൺ വച്ച് നടത്തിയ പരിശോധനയിൽ 19 എൻ ഡി പി എസ് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ ചെമ്മങ്ങാട്, വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ച് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തിയത്. ലഹരിക്ക് അടിമയായവരും വില്പനചെയ്യുന്നവരും പിടി കൂടിയവരുടെ കൂട്ടത്തിലുണ്ട്. ലഹരി വില്പനയും ഉപയോഗവും തടയാൻ വേണ്ടിയാണ് ഡ്രോൺ പരിശോധന ആരംഭിച്ചത്.
സ്കൂളുകൾക്ക് മുമ്പിൽ ബൈക്കിലും വാഹനങ്ങളിലും കറങ്ങി ലഹരി വിൽക്കുന്നവരെ പൂട്ടാൻ വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കോഴിക്കോട് ഡെപ്യുട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജു, ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജ്, ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസ്, ഡാൻസാഫ് ടീം, നാർക്കോട്ടിക് ഷാഡോസ്, ഡ്രോൺ സ്പെഷ്യൽ ടീം എന്നിവർ ചേർന്നാണ് ഡ്രോൺ പരിശോധന നടത്തുന്നത്.

