ന്യൂ ഡൽഹി : സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട്. നീതി ന്യായ വ്യവസ്ഥയുടെ നടത്തിപ്പിനും വിശ്വാസ്യതയ്ക്കും ഇത് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ സ്വമേധയാ നൽകാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കപ്പെടാത്തതിനാൽ എല്ലാ ജഡ്ജിമാരുടെയും സ്വത്ത് വിവരം സാക്ഷ്യപ്പെടുത്താൻ നിയമം കൊണ്ട് വരാൻ സർക്കാരിനോട് ശുപാർശ ചെയ്യുന്നെന്നാണ് സുശീൽ മോദി അധ്യക്ഷനായ പാനൽ നൽകിയ നിർദേശം.
എം പി മാരും എം എൽ എ മാരും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ ജഡ്ജിമാർ ഇത്തരം വിവരം വെളിപ്പെടുത്താതെയിരിക്കുന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല. കോടതിയിൽ ആഘോഷങ്ങൾക്ക് അവധിക്കാലം കൂടുന്നത് പരാതിയുമായി കോടതിയിലെത്തുന്നവരെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാ ജഡ്ജിമാരും ഒരുമിച്ച് അവധിയെടുക്കാതെ വ്യത്യസ്ത സമയങ്ങളിൽ അവധി എടുക്കുന്നത് ഉചിതമായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

