ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നേവിയുടെ പ്രൊജക്റ്റ് 17 എ, മഹേന്ദ്രഗിരിക്ക് കീഴിലുള്ള ഏഴാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് മുംബൈയിൽ വച്ച് ലോഞ്ച് ചെയ്തു. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ (എംഡിഎൽ) നിർമ്മിച്ച ഈ കപ്പൽ ആത്മനിർഭർ ഭാരത് ആശയത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് വികസിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയായിരുന്നു. മുംബൈ പോലൊരു ഊർജസ്വലമായ നഗരത്തിൽ വിക്ഷേപണം നടന്നത് ഉചിതമാണെന്നും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. മഹേന്ദ്രഗിരിയുടെ വിക്ഷേപണം നമ്മുടെ സമുദ്ര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് വൈസ് പ്രസിഡന്റ് ധൻഖർ പറഞ്ഞു. സ്വാശ്രയ നാവിക സേന കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ രാഷ്ട്രം കൈവരിച്ച അവിശ്വസനീയമായ പുരോഗതിയുടെ ഉചിതമായ സാക്ഷ്യമാണ് മഹേന്ദ്രഗിരിയുടെ വിക്ഷേപണം. പ്രൊജക്ട് 17 എ പ്രകാരം നിർമ്മിച്ച നീലഗിരി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ 7 യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികമായി പുരോഗമിച്ച യുദ്ധക്കപ്പൽ, അതിന്റെ സമ്പന്നമായ നാവിക പൈതൃകം ഉൾക്കൊള്ളാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു, അതേസമയം തദ്ദേശീയ പ്രതിരോധ ശേഷികളുടെ ഭാവിയിലേക്ക് സ്വയം നയിക്കുമെന്നും ഇന്ത്യൻ നേവിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റഫോമിലൂടെ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്തു.
ഒഡീഷയിലെ കിഴക്കൻഘട്ടത്തിലെ ഒരു പർവതശിഖരത്തിന്റെ പേരിലുള്ള ഇത് പ്രോജക്റ്റ് 17A ഫ്രിഗേറ്റ് സീരീസിലെ ഏഴാമത്തെ കപ്പലാണ്. മെച്ചപ്പെടുത്തിയ സ്റ്റെൽത്ത് ശേഷിയും , നൂതന ആയുധങ്ങൾ, സെൻസറുകൾ, പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു.

