സംസ്ഥാന സർക്കാർ വിഹിതം എല്ലാവർക്കും കൊടുത്തു; കേന്ദ്രവിഹിതത്തിലാണ് കാലതാമസമുണ്ടാകുന്നതെന്ന് മന്ത്രിമാർ

തിരുവനന്തപുരം: നടൻ ജയസൂര്യ ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദും വ്യവസായ മന്ത്രി പി രാജീവും. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് കൊടുത്തുതീർക്കാത്തതുമായി ബന്ധപ്പെട്ട ജയസൂര്യയുടെ വിമർശനത്തിനാണ് ഇരുവരും മറുപടി നൽകിയത്. സംസ്ഥാന സർക്കാരിന്റെ വിഹിതം എല്ലാവർക്കും കൊടുത്തുതീർത്തിട്ടുണ്ടെന്നും കേന്ദ്രവിഹിതത്തിലാണ് കാലതാമസമുണ്ടാകുന്നതെന്നും മന്ത്രിമാർ പ്രതികരിച്ചു.

അടുത്തതവണ സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പി രാജീവ് വിശദമാക്കി. ജയസൂര്യ വിമർശനം ഉന്നയിച്ച കളമശ്ശേരിയിലെ കാർഷികോത്സവവേദിയിലാണ് അദ്ദേഹം മറുപടി നൽകിയത്.

എന്നാൽ, ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റവും കൂടുതൽ പ്രയാസങ്ങളുണ്ടാക്കിയതെന്നും ഇനിയും പണംകൊടുക്കാനുള്ളവർക്ക് പത്തുദിവസത്തിനകം കൊടുത്തുതീർക്കുമെന്ന് കാനറാ ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്നും പി പ്രസാദ് ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു.

വായ്പയുടെ കാര്യത്തിൽ സാങ്കേതിക പ്രശ്‌നം വന്നതുകൊണ്ട് സംഭരിച്ച നെല്ലിന്റെ പണം കൃത്യസമയത്ത് നൽകാൻ സാധിച്ചില്ല എന്ന വിമർശനം ശരിയാണ്. എങ്കിൽപ്പോലും കേന്ദ്രസർക്കാരിന്റെ പൈസക്ക് കാത്തുനിൽക്കാതെ 2,200 കോടി രൂപ ഇപ്പോൾ തന്നെ വിതരണംചെയ്തു കഴിഞ്ഞു. സാമ്പത്തികമായി ഞെരുക്കമുണ്ടെങ്കിൽപ്പോലും കേരളത്തിന്റെ വിഹിതം എല്ലാവർക്കും ഇതിനകം തന്നെ നൽകി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.