ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു; പ്രധാനമന്ത്രി

ന്യൂഡൽഹി: ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയുടെ അധ്യക്ഷത ഇന്ത്യയ്ക്ക് വന്നതോടെ സംഘടന കൂടുതൽ വിശാലമായെന്ന് അദ്ദേഹം പറഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിമാസ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യയിലെ ജി20 സമ്മേളനങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാകും ഇത്തവണത്തേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്ത്രീ ശക്തിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ചന്ദ്രയാൻ 3. നിരവധി വനിതാ ശാസ്ത്രജ്ഞരും എൻജിനീയർമാരും ദൗത്യത്തിൽ നേരിട്ടു പങ്കാളികളായി. രാജ്യത്തിന്റെ പെൺമക്കൾ കൂടി ചേരുമ്പോൾ ആർക്കാണ് വികസനത്തെ തടയാനാവുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

ചന്ദ്രയാൻ ദൗത്യം പുതിയ ഇന്ത്യയുടെ അടയാളമായി മാറി. ഏതു സാഹചര്യത്തിലും എങ്ങനെ വിജയിക്കാമെന്ന് അതു കാണിച്ചു തരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.