Highlights (Page 217)

തിരുവനന്തപുരം: നബാര്‍ഡ് 2020-21 ല്‍ എക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായമായ12,847 കോടി രൂപ പുനര്‍വായ്പയായി സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, വിവിധ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്ക് നല്‍കി. ഇതില്‍ 9,252 കോടി രൂപ കാര്‍ഷിക മേഖലയിലെ വിള വായ്പ, എം.എസ്.എം.ഇ മേഖലയിലെ പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയായിട്ടാണ് നല്‍കിയിട്ടുള്ളത്.

ബാക്കി തുകയായ 3,595 കോടി രൂപ ദീര്‍ഘകാല വായ്പയായി കാര്‍ഷിക, കാര്‍ഷികേതര അനുബന്ധ മേഖലകളിലും എം.എസ്.എം.ഇ മേഖലയിലും നല്‍കി.
13,425 കോടി രൂപ കേരളത്തില്‍ പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള വായ്പയിലൂടെയുമാണ് വിതരണം ചെയ്തത്. 2019-20 നെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്.  

കൈത്തറി മേഖലയുടെ പ്രോത്സാഹനത്തിന് രണ്ട് പ്രദര്‍ശനങ്ങള്‍, കര്‍ഷക ഉത്പാദക സംഘങ്ങളുടെ വളര്‍ച്ചയ്ക്കും സ്വയംപര്യാപ്തയ്ക്കും നല്‍കുന്ന ഗ്രാന്റ് സഹായം, സഹകരണ പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവയും നബാര്‍ഡ് പിന്തുണ നല്‍കിയ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

2020-21 ല്‍ നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ (ആര്‍ഐഡിഎഫ്) നിന്നും 538 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നബാര്‍ഡ് 30 കോടി രൂപ ഗ്രാന്റ് ധനസഹായമായി ബാങ്കുകള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും, സംസ്ഥാന കുടുംബശ്രീ മിഷന്‍ മുഖേനയും വിവിധ മേഖലകളുടെ വികസന പ്രവര്‍ത്തനകള്‍ക്കായി വിതരണം ചെയ്തു.  

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. ഇന്ന് റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.പ്രാര്‍ഥനയും ജാഗ്രതയും സമന്വയിപ്പിച്ചാകണം റമദാന്‍ നാളിലെ ചടങ്ങുകളെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മതപരമായ ദാനധര്‍മ്മ ചടങ്ങായ സദാഖാത് അല്ലെങ്കില്‍ സക്കാത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നല്‍കാനാണ് നിര്‍ദ്ദേശം. കോവിഡ് – 19 വാക്‌സിനുകള്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സക്കാത്ത് പണം ഉപയോഗിക്കാമെന്നും ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഫിഖ് അക്കാദമി അറിയിച്ചിട്ടുണ്ട്.റമദാന്‍ കാലത്ത് എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

*റമദാന്‍ നോമ്പുകള്‍ ഓരോ മുസ്ലീമിന്റെയും കടമയാണ്, അതിനാല്‍ എല്ലാവരും ഉപവസിക്കണം.

*തറാവിഹിന്റെ ഒന്നര ഖണ്ഡികകള്‍ മാത്രമേ പള്ളികളില്‍ വായിക്കാവൂ.

*രാത്രി കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് നോമ്പെടുക്കുന്നവര്‍ എല്ലാവരും വീട്ടിലെത്തണം

*ഒരു പള്ളിയില്‍ 100 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തു കൂടരുത്.

*മാസ്‌കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പള്ളികളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന് സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍. ഹോട്ടലുകളും, കടകളും രാത്രി 9 മണിവരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു, അത് ശരിയായ രീതിയില്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കും.പൊതു പരിപാടികളില്‍ 200 പേര്‍, അടച്ചിട്ട മുറികളില്‍ 100 പേര്‍ എന്ന രീതിയില്‍ ചടങ്ങുകള്‍ നടത്താം. പൊതുപരിപാടികളില്‍ സദ്യ പാടില്ല, പകരം പാക്കറ്റ് ഫുഡ് വിതരണം നടത്താന്‍ പാടുള്ളു.

പൊതുചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തി. ഹോട്ടലുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം. മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലിന് നിരോധനം.നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടത്താം.

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ ബിസിനസ് മേഖലയില്‍ 87 ശതമാനം ഇന്ത്യന്‍ ബിസിനസുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്ക് മാറിയതായി സര്‍വേ റിപ്പോര്‍ട്ട്. കോവിഡ് സമയത്ത് വിദൂര ജോലിയുടേയും വീഡിയോ ആശയവിനിമയങ്ങളുടേയും സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ സൂം, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരമാണിത്.
കൂടാതെ, സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വ്യവസായങ്ങള്‍ക്ക് അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും , പ്രതിസന്ധി സമയത്തും വളര്‍ച്ചയും തുടര്‍ച്ചയും നിലനിര്‍ത്താനും സാധിച്ചുവെന്നും പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ ലോകമെമ്പാടുമുള്ള ആറ് രാജ്യങ്ങളെ പറ്റിയാമ് പ്രതിപാദിക്കുന്നത്.

covid

ന്യൂഡല്‍ഹി : രാജ്യത്ത് കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യത. 10 ദിവസത്തിനുള്ളില്‍ സ്പുട്‌നിക് വാക്‌സിന് അനുമതി നല്‍കുമെന്നാണ് വിവരം. വാക്‌സീന്‍ സ്റ്റോക്ക് വിവരം അടിയന്തരമായി അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്കി.ഒരാഴ്ചയ്ക്കിടെ എട്ടുലക്ഷം പേര് രോഗികളാകുകയും, നാലായിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തതോടെ കൊവഡിന്റെ രണ്ടാം വരവ് വരും ദിവസങ്ങളിലും അതിരൂക്ഷമായി തുടരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വാക്‌സിനേഷന്‍ ആവശ്യമുള്ളവരെ സഹായിക്കുക, കൊവിഡ് ചികിത്സയില്‍ താങ്ങാകുക, മാസ്‌ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുക, കൊവിഡ് പോസിറ്റീവ് രോഗികള്‍ ഉള്ളയിടം മൈക്രോ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രധനമന്ത്രി മുന്‍പോട്ട് വച്ചു.

കശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരനായ കശ്മീരി യുവാവ്. എട്ട് ദിവസവും ഒരു മണിക്കൂറും മുപ്പത്തി ഏഴ് മിനിട്ടും കൊണ്ട് കശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് ഒരു സൈക്കിള്‍ യാത്ര. 2020 നവംബറില്‍ പതിനേഴുകാരനായ ഓം മഹാജന്‍ എട്ട് ദിവസവും, ഏഴ് മണിക്കൂര്‍, മുപ്പത്തിയെട്ട് മിനിട്ടും കൊണ്ട് തീര്‍ത്ത റെക്കോർഡാണ് ആദില്‍ മറി കടന്നത്. ഈ റെക്കോർഡ് ആദ്യത്തേതല്ല. ഇതിനു മുമ്പും ആദില്‍ തന്റ പ്രകടനത്തിന് റെക്കോര്‍ഡ് നേടിയിട്ടുണ്ട്.

2021 മാര്‍ച്ച് 22 ന് ശ്രീനഗറിലെ ലാല്‍ചൗക്കില്‍ നിന്ന് രാവിലെ ഏഴ് മണിക്കാണ് ആദില്‍ കന്യാകുമാരി യാത്ര ആരംഭിച്ചത്. എട്ട് ദിവസത്തിനുള്ളില്‍ 3600 കിലോമീറ്ററാണ് പിന്നിട്ടത്. ഇതിനായി മാസങ്ങളുടെ തയാറെടുപ്പുകളും കഠിനാധ്വാനവും ആദിലിന് എടുക്കേണ്ടി വന്നു. അമൃത്‌സറിലായിരുന്നു ആദില്‍ പരിശീലനം നേടിയത്.നാന്നൂറ്റി നാല്‍പത് കിലോമീറ്റര്‍ ദൂരം വരുന്ന ശ്രീനഗര്‍-ലേ പാത ഇരുപത്തി ആറ് മണിക്കൂര്‍ മുപ്പത് മിനിട്ട് കൊണ്ട് കീഴടക്കിയാണ് ആദില്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്.ബുഡ്ഗാമിലെ നര്‍ബല്‍ ജില്ലയില്‍ നിന്നുള്ള സൈക്ലിസ്റ്റാണ് ആദില്‍.

യാത്രയിലുട നീളം ആദിലിനെ നയിക്കാന്‍ പരിശീലകന്‍ കൂടെയുണ്ടായിരുന്നു. ഡല്‍ഹി, ആഗ്ര, ഗ്വാളിയര്‍, ഹൈദരാബാദ്, മധുര എന്നിവിടങ്ങളിലൂടെ സന്ദര്‍ശിച്ചാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് എത്തുന്നത്. ശ്രീനഗര്‍ – ലേ യാത്ര ആദിലിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കൂടുതല്‍ ലക്ഷ്യങ്ങള്‍ കൈപിടിയില്‍ ഒതുക്കാന്‍ ഇത് ഉത്തേജനം നല്‍കി. ലോക റെക്കോഡ് സ്ഥാപിച്ച ശേഷം തന്റെ സ്‌പോണ്‍സര്‍മാര്‍ക്കും ഗൈഡുകള്‍ക്കും നന്ദി പറയുകയും ചെയ്തു.

മുസ്സാന (ഒമാന്‍): സെയ്‌ലിങ്ങില്‍ ടോക്കിയോ ഒളിമ്പിക്‌സിന് നാല് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടി. വിഷ്ണു ശരവണന്‍, ഗണപതി ചെങ്ങപ്പ, വരുണ്‍ താക്കര്‍, നേത്ര കുമനന്‍ എന്നിവരാണ് ഏഷ്യന്‍ യോഗ്യതാ പോരാട്ടമായ മുസ്സാന ഓപ്പണ്‍ ചാമ്പ്യന്‍ഷിലെ പ്രകടനത്തോടെ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.

ടോക്യോ ഒളിംപിക്സിന് യോഗ്യത സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് നേത്ര. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന സെയിലിംഗ് ലോകകപ്പിൽ വെങ്കലം നേടിയാണ് നേത്ര ചരിത്രം കുറിച്ചത്.ഒളിംപിക്സിൽ ആദ്യമായാണ് സെയിലിംഗിലെ ഒന്നിലേറെ വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങൾ യോഗ്യത നേടുന്നത്.

മുസ്സാന ഓപ്പൺ ചാന്പ്യൻഷിപ്പിൽ ലേസർ റേഡിയൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയാണ് നേത്ര ടോക്യോ ഒളിംപിക്സിന് ടിക്കറ്റുറപ്പിച്ചത്.മാത്രമല്ല ഇതാദ്യമായാണ് ഒളിമ്പിക്‌സ് സെയ്‌ലിങ്ങില്‍ ഇന്ത്യ മൂന്ന് വിഭാഗത്തില്‍ മത്സരിക്കാനൊരുങ്ങുന്നത്. ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് വിഭാഗത്തിലാണ് ശരവണന്‍ വ്യാഴാഴ്ച ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.

election

തിരുവനന്തപുരം : ബീഹാർ മോഡൽ വോട്ടെണ്ണൽ കേരളത്തിലും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പുകമ്മിഷൻ.ഇക്കുറി ഫലപ്രഖ്യാപനം മിന്നൽ വേഗത്തിൽ ആക്കുവാനാണ് തീരുമാനം. അതെ സമയം കൊട്ടിഘോഷിക്കുന്ന ബീഹാർ മോഡൽ അവിടെ ആദ്യമായി ഉപയോഗിച്ചത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ പുതിയ മോഡലിൽ ഫലം പതിവിലും താമസിച്ചാണ് എത്തിയത്. അത് യന്ത്രം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന പരിചയക്കുറവെന്നാണ് കരുതുന്നത്.

കേരളത്തിൽ പുതിയ പരിഷ്‌കാരം ഫലപ്രദമാകുമെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രതീക്ഷ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരേ സമയം ഒരു മണ്ഡലത്തിലെ പതിനാല് ബൂത്തുകളിലെ വോട്ടായിരുന്നു എണ്ണിയിരുന്നത്. എന്നാൽ ഇക്കുറി ഇത് 28 ആയി വർദ്ധിപ്പിക്കുവാനാണ് തീരുമാനം. ഇതിനായി വോട്ടെണ്ണൽ കേന്ദ്രത്തിൽ നാല് ഹാളുകളിലായിട്ടാവും മേശകൾ സജ്ജീകരിക്കുക. ഒരു മണ്ഡലത്തിൽ ശരാശരി മുന്നൂറിനടുത്ത് ബൂത്തുകളാണുള്ളത്.

വോട്ടെണ്ണൽ ആരംഭിച്ച് അഞ്ച് മിനിട്ടുകൾക്കകം തന്നെ ഇക്കുറി ഫലസൂചനകൾ പുറത്തുവരും. അരമണിക്കൂറിനുള്ളിൽ മണ്ഡലത്തിലെ പകുതി വോട്ടുകൾ എണ്ണിക്കഴിയും. ഇതിനായി ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വർദ്ധന വരുത്തിയിട്ടുണ്ട്.തപാൽ വോട്ടുകൾ എണ്ണുമ്പോൾ യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങും ഇതിനായി എല്ലാ മണ്ഡലങ്ങളിലും രണ്ട് ഉപവരണാധികാരികളെക്കൂടി നിയമിക്കും.

politics

ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നെത്തിയ പതിമൂന്നുകാരനെ പാകിസ്ഥാന് കൈമാറി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ സ്വദേശിയായ പതിമൂന്നുകാരനാണ് രണ്ട് ദിവസം മുന്‍പ് മൗസില്‍ നിയന്ത്രണരേഖ മറികടന്നത്. തുടര്‍ന്ന് പ്രദേശത്ത് വിന്യസിച്ച കരസേന യൂണീറ്റ് കുട്ടിയെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ പാകിസ്ഥാന്‍ സൈന്യത്തെ അറിയിച്ചിരുന്നു. അശ്രദ്ധമായാണ് കുട്ടി നിയന്ത്രണരേഖ ലംഘിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുട്ടിയെ പാകിസ്ഥാന് കൈമാറിയത്. കുട്ടിയെ മടക്കി അയക്കുന്നതിനായി കര്‍ണയിലെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധികളും എത്തിയിരുന്നു.

അതേസമയം സമാനമായ സംഭവത്തില്‍് നിയന്ത്രണരേഖ മറികടന്നെത്തിയ 11 പശുക്കളെ പാകിസ്ഥാനിലെ ഉടമയ്ക്ക് തിരികെ നല്കിയിരുന്നു. പാകിസ്ഥാന് അധിനിവേശ കാശ്മീരിലെ ഒരാളുടെ 11ഓളം പശപക്കളാണ് വഴിതെറ്റി ഇന്ത്യന്‍ ഭാഗത്തേക്ക് എത്തിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ഭവന വായ്പ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. മാര്‍ച്ചില്‍ എസ്ബിഐ വായ്പകള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കിയിരുന്നു. എച്ച്ഡിഎഫ്‌സി ലിമിറ്റഡും മികച്ച ഓഫറുകളോടെയാണ് കഴിഞ്ഞ മാസം വായ്പകള്‍ നല്‍കിയിരുന്നത്. വായ്പകളുടെ പ്രാരംഭ പലിശ നിരക്ക് 6.7 ശതമാനമായിരുന്നു. ഈ ഓഫറും 2021 മാര്‍ച്ച് 31 ന് അവസാനിച്ചു.

പഞ്ചാബ്, സിന്ധ് ബാങ്ക് (6.65 ശതമാനം), ഐസിഐസിഐ ബാങ്ക് (6.70 ശതമാനം), ബാങ്ക് ഓഫ് ബറോഡ (6.75 ശതമാനം) എന്നിവയാണ് നിലവില്‍ വായ്പാ പലിശ നിരക്കുകള്‍ കുറവുള്ള ചില ബാങ്കുകള്‍.കാര്‍, സ്വര്‍ണ പണയ, വ്യക്തിഗത വായ്പകളുടെ പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവും ബാങ്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു.ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോര്‍, വായ്പ തുക എന്നിവയുടെ അടിസ്ഥാനത്തില്‍ പലിശനിരക്കിന് 10 ബിപിഎസ് വരെ പ്രത്യേക ഇളവുകളും ബാങ്ക് നല്‍കിയിരുന്നു.ആനുകൂല്യങ്ങളില്‍ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.