കശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് സൈക്കിള്‍ യാത്ര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്

കശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരനായ കശ്മീരി യുവാവ്. എട്ട് ദിവസവും ഒരു മണിക്കൂറും മുപ്പത്തി ഏഴ് മിനിട്ടും കൊണ്ട് കശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് ഒരു സൈക്കിള്‍ യാത്ര. 2020 നവംബറില്‍ പതിനേഴുകാരനായ ഓം മഹാജന്‍ എട്ട് ദിവസവും, ഏഴ് മണിക്കൂര്‍, മുപ്പത്തിയെട്ട് മിനിട്ടും കൊണ്ട് തീര്‍ത്ത റെക്കോർഡാണ് ആദില്‍ മറി കടന്നത്. ഈ റെക്കോർഡ് ആദ്യത്തേതല്ല. ഇതിനു മുമ്പും ആദില്‍ തന്റ പ്രകടനത്തിന് റെക്കോര്‍ഡ് നേടിയിട്ടുണ്ട്.

2021 മാര്‍ച്ച് 22 ന് ശ്രീനഗറിലെ ലാല്‍ചൗക്കില്‍ നിന്ന് രാവിലെ ഏഴ് മണിക്കാണ് ആദില്‍ കന്യാകുമാരി യാത്ര ആരംഭിച്ചത്. എട്ട് ദിവസത്തിനുള്ളില്‍ 3600 കിലോമീറ്ററാണ് പിന്നിട്ടത്. ഇതിനായി മാസങ്ങളുടെ തയാറെടുപ്പുകളും കഠിനാധ്വാനവും ആദിലിന് എടുക്കേണ്ടി വന്നു. അമൃത്‌സറിലായിരുന്നു ആദില്‍ പരിശീലനം നേടിയത്.നാന്നൂറ്റി നാല്‍പത് കിലോമീറ്റര്‍ ദൂരം വരുന്ന ശ്രീനഗര്‍-ലേ പാത ഇരുപത്തി ആറ് മണിക്കൂര്‍ മുപ്പത് മിനിട്ട് കൊണ്ട് കീഴടക്കിയാണ് ആദില്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്.ബുഡ്ഗാമിലെ നര്‍ബല്‍ ജില്ലയില്‍ നിന്നുള്ള സൈക്ലിസ്റ്റാണ് ആദില്‍.

യാത്രയിലുട നീളം ആദിലിനെ നയിക്കാന്‍ പരിശീലകന്‍ കൂടെയുണ്ടായിരുന്നു. ഡല്‍ഹി, ആഗ്ര, ഗ്വാളിയര്‍, ഹൈദരാബാദ്, മധുര എന്നിവിടങ്ങളിലൂടെ സന്ദര്‍ശിച്ചാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് എത്തുന്നത്. ശ്രീനഗര്‍ – ലേ യാത്ര ആദിലിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കൂടുതല്‍ ലക്ഷ്യങ്ങള്‍ കൈപിടിയില്‍ ഒതുക്കാന്‍ ഇത് ഉത്തേജനം നല്‍കി. ലോക റെക്കോഡ് സ്ഥാപിച്ച ശേഷം തന്റെ സ്‌പോണ്‍സര്‍മാര്‍ക്കും ഗൈഡുകള്‍ക്കും നന്ദി പറയുകയും ചെയ്തു.