രണ്ടാം പിണറായി മന്ത്രിസഭയിൽ മൂന്ന് വനിത മന്ത്രിമാരാണ് ഇടംപിടിച്ചിരിക്കുന്നത്. ഡോ. ആർ ബിന്ദു, വീണ ജോർജ്, ജെ. ചിഞ്ചുറാണി എന്നിവരാണ് മന്ത്രിസഭയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സിപിഎം രണ്ടു പേർക്ക് അവസരം നൽകിയപ്പോൾ, നാല് മന്ത്രിസ്ഥാനങ്ങളിൽ ഒരെണ്ണം വനിതയ്ക്ക് നൽകി സിപിഐയും ചരിത്രം കുറിച്ചിരിക്കുകയാണ്.
ജെ ചിഞ്ചുറാണി
ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ആർ ഗൗരിയമ്മയ്ക്ക് ശേഷം സിപിഐയിൽ ഒരു വനിതാ മന്ത്രിയുണ്ടായിട്ടില്ല. 64 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിപിഐ മന്ത്രിസഭയിലേക്ക് ഒരു വനിത പ്രതിനിധിയെ അയക്കുന്നത്. ചടയമംഗലം മണ്ഡലത്തിൽ നിന്നാണ് ചിഞ്ചുറാണി നിയമസഭയിലെത്തിയത്. 10,923 വോട്ടിന്‍റെ ഭൂരിപക്ഷം. ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ പാർട്ടിക്കുള്ളിൽ കലാപമുയരുകയും പരസ്യ പ്രകടനങ്ങൾ വരെ നടക്കുകയും ചെയ്തിരുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചു വരികെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുടയിൽ നിന്ന് നിയമസഭയിലെത്തിയ ഡോ. ആർ ബിന്ദു സഭയിൽ പുതുമുഖമാണ്. തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്‍റെ മുൻ മേയർ ആണ് ആർ. ബിന്ദു. തൃശൂരിലെ ശ്രീ കേരളവർമ കോളെജിൽ ഇംഗ്ലീഷ് പ്രൊഫസറർ കൂടിയാണ്. എസ്എഫ്ഐയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ബിന്ദു, സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യയാണ്. ബിന്ദുവിന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. 62,493വോട്ട് നേടിയാണ് ബിന്ദു നിയമസഭയിലെത്തിയത്.
വീണ ജോർജ്
ആറന്മുളയിൽ നിന്ന് രണ്ടാംവട്ടം സഭയിലെത്തിയ വീണ ജോർജ് മാധ്യമപ്രവർത്തക എന്ന നിലയിൽ പ്രശസ്തയാണ്. എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ 64,523 വോട്ടിനാണ് വിജയിച്ചത്. രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ 74,950 വോട്ടിനാണ് വിജയിച്ചു കയറിയത്.