ഹൈദരാബാദ്: സ്പുട്നിക് 5 വാക്സിനു പിന്നാലെ റഷ്യയിൽ നിന്ന് പുതിയ ഒറ്റ ഡോസ് കൊവിഡ് 19 വാക്സിൻ ഇന്ത്യയിൽ എത്തുന്നു. നിലവിൽ ഇന്ത്യ അനുമതി നല്‍കിയിട്ടുള്ള സ്പുട്നിക് 5 വാക്സിൻ്റെ ഒറ്റ ഡോസ് പതിപ്പാണ് സ്പുട്നിക് ലൈറ്റ്. ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കിയാൽ ഇന്ത്യയിൽ അതിവേഗം വാക്സിൻ നിര്‍മിച്ച് വിതരണം ചെയ്യാനാകുമെന്ന് ഡോ. റെഡ്ഡീസ് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു.അതേസമയം, ഇതിനോടകം അനുമതി ലഭിച്ചിട്ടുള്ള റഷ്യൻ ഇരട്ട ഡോസ് വാക്സിനായ സ്പുട്നിക് 5 വാക്സിൻ വ്യാവസായികാടിസ്ഥാനത്തിൽ നിര്‍മിക്കാൻ ഹെറ്ററോ ഗ്രൂപ്പിന് കരാര്‍ ലഭിച്ചിട്ടുണ്ട്.
10 കോടി ഡോസ് വാക്സിനാണ് കമ്പനി ഉത്പാദിപ്പിക്കുക. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഈ വാക്സിൻ 300ഓളം പേരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തും.വിദേശത്ത് പരീക്ഷിച്ചു തെളിഞ്ഞ വാക്സിൻ്റെ സാങ്കേതികവിദ്യയാണ് ഇന്ത്യയ്ക്ക് കൈമാറുന്നതെന്നും പുതിയ വാക്സിനല്ലാത്തതിനാൽ ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കണമെന്നും ഡിസിജിഐയോട് അഭ്യര്‍ഥിച്ചതായി ഡോ. റെഡ്ഡീസ് വ്യക്തമാക്കി.അതേസമയം, ഇന്ത്യയിൽ അനുമതി നേടുന്നതിനായി ഒറ്റ ഡോസ് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം സംബന്ധിച്ച എല്ലാ രേഖകളും റഷ്യയിൽ നിന്നു ശേഖരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കാൻ ഈ വിവരങ്ങള്‍ മതിയാകുമോ എന്നു പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലബോറട്ടീസാണ് ഇന്ത്യയിൽ വാക്സിനെത്തിക്കുന്നത്. വിദേശത്ത് ക്ലിനിക്കൽ പരീക്ഷണം നടത്തി ഫലപ്രാപ്തി വിജയിച്ച വാക്സിന് ഇന്ത്യയിൽ പ്രത്യേകം ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് ഒഴിവാക്കാൻ കമ്പനിയും വാക്സിൻ വികസിപ്പിച്ച റഷ്യൻ സ്ഥാപനവും കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.