ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ കവചം അയൺ ഡോം

ടെൽ അവീവ്: ഇസ്രയേലിന്റെ ആധുനിക ഹ്രസ്വദൂര മിസൈൽ പ്രതിരോധ കവചം ആണ് അയൺ ഡോം അഥവാ ഐ – ഡോം. കരയിൽ ട്രക്കിലാണ് മൊത്തം യൂണിറ്റ്. ഒരേ സമയം ഒന്നിലേറെ ലക്ഷ്യങ്ങൾ ഭേദിക്കും. മൂന്ന് ദിവസം 1500ലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് വർഷിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും അയൺ ഡോമിന്റെ ഇന്റർസെപ്റ്റർ മിസൈലുകൾ തകർത്തു.ഐ -ഡോമിൽ നിന്ന് കുത്തനെ വിക്ഷേപിക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ ശത്രു മിസൈലിനെ അതിന്റെ സഞ്ചാരപഥത്തിൽ ചെന്ന് ഇടിച്ച് സ്ഫോടനത്തിലൂടെ തകർക്കും. മദ്ധ്യദൂര,​ ദീർഘദൂര ശത്രുമിസൈലുകൾ തകർക്കാനുള്ള ഡേവിഡ്‌സ് സ്ലിംഗ്,​ ആരോ എന്നീ കവചങ്ങൾക്കൊപ്പമാണ് അയൺ ഡോം വിന്യസിക്കുന്നത്.

ഹമാസ് അയൺ ഡോം മിസൈലുകളേക്കാൾ താഴ്ന്ന സഞ്ചാരപഥമുള്ള റോക്കറ്റുകൾ വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ കൃത്യതയുള്ള ആയിരക്കണക്കിന് റോക്കറ്റുകൾ അവർ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. കുറഞ്ഞ റേഞ്ചുള്ള മോർട്ടാറുകളെ തകർക്കാൻ അയൺ ഡോമിന് കഴിയില്ല. മുൻപ് ഹിസ്ബുള്ള ദിവസം 1000 മുതൽ 1500 വരെ റോക്കറ്റുകളാണ് ഒരു ദിവസം വർഷിച്ചത്. അതാണ് അയൺ ഡോം വികസിപ്പിക്കാൻ പ്രേരണയായത്.ശത്രു മിസൈലുകൾ പതിക്കുന്ന സ്ഥലം മുൻകൂട്ടി കൃത്യമായി കണക്കാക്കും.

തുറസായ സ്ഥലങ്ങളിൽ വീഴുന്ന ശത്രു മിസൈലുകൾ തകർക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾ പാഴാക്കേണ്ട. ജനവൈസകേന്ദ്രങ്ങളിൽ വീഴുമെന്ന് ഉറപ്പുള്ളവ തകർക്കുകയും ചെയ്യും. 90ശതമാനത്തിലേറെയാണ് കൃത്യത. ആയിരക്കണക്കിന് ശത്രു റോക്കറ്റുകൾ തകർത്തിട്ടുണ്ട്. കുറഞ്ഞ പ്രഹര പരിധി 5 മുതൽ 7 വരെ കിലോമീറ്ററാണ്.ഒരു സമയം ശത്രുവിന്റെ നിശ്ചിത എണ്ണം (എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല )​ ആയുധങ്ങളെ മാത്രമേ തകർക്കാനാവൂ.

ശത്രു ഒരേ സമയം അതിൽ കൂടുതൽ ആയുധങ്ങൾ പ്രയോഗിച്ചാൽ അയൺ ഡോം നിസഹായമാവും. നേവി പതിപ്പ് സി – ഡോം. ഇത് കപ്പലിലാണ് വിന്യസിക്കുന്നത്.എഴുപത് കിലോമീറ്റർ പരിധിയിൽ വരുന്ന ശത്രുവിന്റെ മിസൈൽ,​ റോക്കറ്റ്,​ പീരങ്കി,​ മോർട്ടാർ,​ ഹ്രസ്വദൂര ഗൈഡഡ് മിസൈലുകൾ,​ വിമാനം,​ ഹെലികോപ്റ്റർ,​ ആളില്ലാ വിമാനം എന്നിവയെല്ലാം തകർക്കും.

ഒരു കൺട്രോൾ യൂണിറ്റും,​ ശത്രു ലക്ഷ്യം കണ്ടുപിടിച്ച് ട്രാക്ക് ചെയ്യാനുള്ള റഡാറും 20 ഇന്റർസെപ്റ്റർ മിസൈലുകൾ വീതമുള്ള മൂന്ന് വെർട്ടിക്കൽ ലോഞ്ചറുകളും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. ഒരേസമയം 60 മിസൈലുകൾ വിക്ഷേപിക്കാം. 2011 മുതൽ ഇസ്രയേലിന്റെ സേനയുടെ ഭാഗം. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ റാഫേൽ അഡ്വാൻസ്ഡ് സിസ്റ്റംസ് ആണ് നിർമ്മാണം. റഡാർ നിർമ്മിച്ചത് ഇസ്രയേൽ കമ്പനിയായ എൽറ്റ സിസ്റ്റംസ്. ഒരു യൂണിറ്റിന്റെ വില 370 കോടി രൂപ. ഇന്റർസെപ്റ്ററായി ഉപയോഗിക്കുന്നത് താമിർ മിസൈൽ. അതിന്റെ വില 60ലക്ഷം രൂപ