ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഇന്ത്യ. വാക്‌സിൻ വിതരണത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നു. ഇതുവരെ 32.36 കോടി ഡോസ് വാക്‌സിനാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. അമേരിക്കയിൽ ഇതുവരെ വിതരണം ചെയ്തത് 32.33 കോടി ഡോസ് വാക്‌സിനാണ്.
പ്രായപൂർത്തിയായവരിൽ 5.6 ശതമാനം പേരാണ് രാജ്യത്ത് നിലവിൽ പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചത്. എന്നാൽ അമേരിക്കയിൽ ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് പുതിയ വാക്‌സിൻ നയം നടപ്പിൽ വന്നതിനു ശേഷം മാത്രം 3.91 കോടി ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കാനഡ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
