കോവിഡിനെതിരെ ഡിആർഡിഒ വികസിപ്പിച്ച 2-ഡിജി മരുന്ന് വിപണിയിൽ; വില അറിയാം

ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്കായി ഡി. ആർ. ഡി. ഒ വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ വിൽപന ആരംഭിച്ചു. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡാണ് മരുന്ന് വിപണിയിലെത്തിക്കുന്നത്. ഓരോ പാക്കറ്റിനും 990 രൂപയാണ് വില. കോവിഡ് വൈറസ് ബാധയിൽ നിന്നും മുക്തി നേടാൻ മരുന്ന് സഹായിക്കുമെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസാണ് മരുന്ന് വികസിപ്പെച്ചെടുത്തത്.

മരുന്ന് കോവിഡ് വൈറസിനെതിരെ ഫലപ്രദമാണെന്നും വൈറസിന്റെ വളർച്ചയെ തടസപ്പെടുത്തുന്നുണ്ടെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചു വായിലൂടെയാണ് കഴിക്കേണ്ടത്. മെയ് ഒന്നിനാണ് 2-ഡിജിക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയത്. മെയ് 17 ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും ചേർന്ന് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി.

കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ വേഗത്തിൽ രോഗമുക്തി നേടാൻ ഈ മരുന്ന് സഹായിക്കുമെന്നും അനുബന്ധ ഓക്‌സിജൻ ആശ്രിതത്വം കുറയ്ക്കുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് കഴിക്കുന്നതോടെ കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലക്കുകയും വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും രോഗബാധ ഒഴിവാകുകയും ചെയ്യും. ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്.