കണ്ണൂർ: പ്രതിഷേധം കനക്കുന്നതിനിടയിലും വിവാദ ഉത്തരവ് നടപ്പിലാക്കുമെന്ന തീരുമാനത്തിൽ ഉറച്ച് കണ്ണൂർ കലക്ടർ ടി.വി സുഭാഷ്. ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ആന്റിജൻ പരിശോധനയ്ക്കു ശേഷം മാത്രമേ കോവിഡ് വാക്‌സിൻ നൽകൂവെന്ന ഉത്തരവ് ഈ മാസം 28 മുതൽ നടപ്പിലാക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കലക്ടർ വ്യക്തമാക്കി.
എന്നാൽ ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും നേരത്തെ നടത്തിയ ചർച്ചയുടെ ഭാഗമായാണ് ഇപ്പോൾ പരിഷ്‌കരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ജില്ലയായ കാസർകോടും സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. കെ.ജി.എം.ഒ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനകളും ജനപ്രതിനിധികളും കളക്ടറുടെ തീരുമാനത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കളക്ടറുടെ പുതിയ ഉത്തരവ് സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് പരിശോധന വഴി ജനങ്ങളെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുമെന്ന് കണ്ണുർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ആരോപിച്ചു. വാക്‌സിൻ എടുക്കുന്നതിന് മുൻപ് കോവിഡ് പരിശോധന വേണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.
കളക്ടറുടെ ഉത്തരവ് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളെ അട്ടിമറിക്കുമെന്നും വാക്‌സിനേഷൻ ഡ്രൈവിനെ പോലും നീക്കം പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മതിയായ സൗകര്യം ഒരുക്കാതെയുള്ള തീരുമാനം വിപരീത ഫലം ചെയ്യുമെന്ന വിമർശനവും ഉയരുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിന് മുകളിൽ എത്തിയതോടെയാണ് കലക്ടർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ മാസം 28 മുതൽ വാക്‌സിൻ കിട്ടണമെങ്കിൽ ആദ്യം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം ഇതിനായി വാക്‌സിൻ എടുക്കാൻ എത്തുന്നവർക്ക് അതാത് കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന സംവിധാനം ഒരുക്കുമെന്നുമായിരുന്നു കലക്ടർ അറിയിച്ചിരുന്നത്.
