തൊടുപുഴ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തി സിനിമാ ചിത്രീകരണം നടത്തിയ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ടോവിനോ തോമസ് നായകനാകുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ ചിത്രീകരണം ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട കുമാരമംഗലം പഞ്ചായത്തില്‍ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേരെ പ്രതിയാക്കി കേസെടുത്തതായി തൊടുപുഴ സിഐ അറിയിച്ചു.
ശനിയാഴ്ച ഇവിടെ ഷൂട്ടിങ് നടക്കുന്നത് കണ്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, തൊടുപുഴ സിഐയുടെ സംഘമെത്തിയാണ് ചിത്രീകരണം അവസാനിപ്പിച്ചത്.
ബുധനാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ കുമാരമംഗലം പഞ്ചായത്തും കോവിഡ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സിനിമയ്ക്കായി ഏതാനും ദിവസം മുമ്പ് വലിയ സെറ്റ് ഒരുക്കിയിരുന്നെന്നും പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് അറിവില്ലായിരുന്നെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
മാത്രമല്ല, ഇന്‍ഡോര്‍ ഷൂട്ടിങ് മാത്രമാണ് നടന്നതെന്നും, ഏതാനു സീനുകള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.
‘ഗോദ’യ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 2019 മുതല്‍ ചിത്രീകരണം തുടങ്ങിയ സിനിമയുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

