ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തവണ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 75-ാം സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യന്‍ ജനതയെക്കൊണ്ട് ഒന്നിച്ച് ദേശീയ ഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്കാരിക മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ടെന്നും, ഇതില്‍ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നുമാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
മന് കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഈ വര്‍ഷം ഓഗസ്റ്റ് 15-ന് ദേശീയഗാനവുമായി കൂടിച്ചേരാനുള്ള ഉദ്യമമാണ് സംഘടിപ്പിക്കുന്നത്. പരമാവധി ഇന്ത്യക്കാരെ ഒന്നിപ്പിച്ച് ദേശീയഗാനം ചൊല്ലിക്കാനുള്ള ശ്രമം സാംസ്കാരിക മന്ത്രാലയം നടത്തുന്നുണ്ട്. ഈ പുതിയ പരിപാടിയില്‍ നിങ്ങള്‍ എല്ലാവരും പങ്കാളികളാകുമെന്ന് കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആളുകള്‍ക്ക് ദേശീയഗാനം ആലപിച്ചശേഷം അപ്ലോഡ് ചെയ്യുന്നതിന് രാഷ്ട്രഗാന്‍.ഇന്‍ എന്നൊരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും നരേന്ദ്ര മോദി അറിയിച്ചു.

