പെഗാസസ് ഫോണ്‍ ചോര്‍ത്തിയവരില്‍ സൈന്യം, ബിഎസ്എഫ്, റോ തുടങ്ങി ഒട്ടേറെ പ്രമുഖരും . . .

ന്യൂഡല്‍ഹി: സൈന്യം, ബിഎസ്എഫ് മുതല്‍ രഹസ്യാന്വേഷണ വിഭാഗമായ റോ വരെ പെഗസസിന്റെ ചാരവലയില്‍ പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

2ജി അഴിമതി കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍, അരവിന്ദ് കേജ്രിവാളിന്റെ പിഎ ആയിരുന്നയാള്‍ തുടങ്ങിയവരുടെ ഫോണുകളും നിരീക്ഷണവലയത്തില്‍പ്പെട്ടിരുന്നുവെന്നും, ഔദ്യോഗിക നയത്തിനെതിരെ അന്ന് പ്രതികരിച്ച സേനാംഗങ്ങളായിരുന്ന രണ്ട് കേണലുമാര്‍, റോയെ കോടതിയില്‍ ചോദ്യം ചെയ്ത വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ബിഎസ്എഫ് തലവനായിരുന്ന കെ.കെ. ശര്‍മ 2018 ഫെബ്രുവരി 11ന് കൊല്‍ക്കത്തയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച അതിര്‍ത്തി വിഷയങ്ങളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ഒരു മാസത്തിനുശേഷമാണ് ശര്‍മയുടെ ടെലിഫോണ്‍ നമ്പര്‍ പെഗസസിന്റെ പട്ടികയില്‍പ്പെടുന്നത്. അതേസമയം, ശര്‍മയുടെ ഫോണ്‍ ചോര്‍ത്തിയോ എന്നത് ഫൊറന്‍സിക് പരിശോധനയ്ക്കുശേഷമേ വ്യക്തമാകുകയുള്ളൂ.

ശര്‍മയുടെ ഫോണ്‍ ചോര്‍ത്തിയ അതേ കാലയളവില്‍ത്തന്നെ ബിഎസ്എഫ് ഐജി ആയിരുന്ന ജഗ്ദീഷ് മൈതാനിയെയും പെഗസസ് നിരീക്ഷിച്ചതായും വയര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജിതേന്ദ്ര കുമാര്‍ ഓജയും ഭാര്യയും പെഗസസിന്റെ പട്ടികയിലുണ്ട്. 2013-2015 കാലയളവില്‍ ഡല്‍ഹിയിലെ റോ അക്കാദമിയില്‍ ഇന്ത്യന്‍ സംഘാംഗങ്ങള്‍ക്കു ചാരവൃത്തിയില്‍ പരിശീലനം നല്‍കുന്നതിന്റെ ചുതല ഓജ വഹിച്ചിരുന്നു.

സര്‍വീസ് വിഷയത്തില്‍ കേന്ദ്രവുമായി തര്‍ക്കം നടത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ നമ്പരും പട്ടികയിലുണ്ട്. മാത്രമല്ല, സൈന്യത്തിന്റെ പ്രത്യേക സുരക്ഷാ നിയമം അഫ്‌സ്പയെ ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ 356 സൈനികര്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുവേണ്ടി ഹാജരായ ജമ്മു കശ്മീരിലെ കോര്‍ ആസ്ഥാനത്തെ ലീഗല്‍ ഓഫിസറായിരുന്ന കേണല്‍ അമിത് കുമാറും പെഗസസ് പട്ടികയില്‍ പെട്ടിട്ടുണ്ട്.

മാത്രമല്ല, 2ജി കേസ് അന്വേഷത്തലവന്‍ ആയിരുന്ന ഇഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങും പെഗാസസില്‍ പെട്ടിട്ടുണ്ട്. ചിദംബരത്തിനെതിരായ എയര്‍സെല്‍ മാക്‌സിസ് കേസ് അന്വേഷിച്ചതും രാജേശ്വര്‍ സിങ്ങാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ആയിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വി.കെ. ജയിനും പട്ടികയിലുണ്ട്. മാത്രമല്ല, ഇദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോണ്‍ നമ്പരുകള്‍ ചോര്‍ത്തിയിരുന്നു. സഹോദരിമാരില്‍ ഒരാള്‍ ഐഎഎസുകാരിയായിരുന്നു. പിന്നീട് അവര്‍ മുംബൈ ഹൈക്കോടതിയിലെ പ്രമാദമായ കേസുകള്‍ വാദിക്കുന്ന വക്കീലായി മാറിയിരുന്നു.