സ്വാതന്ത്ര്യ ദിനത്തിലെ ആഘോഷ പരിപാടികളിൽ ഒളിമ്പിക്‌സ് താരങ്ങൾ വിശിഷ്ടാതിഥികളാകും; പ്രത്യേക കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷ ചടങ്ങിലേക്ക് വിശിഷ്ടാതിഥികളായി ഒളിമ്പിക്‌സ് താരങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിശിഷ്ടാതിഥികളായി ക്ഷണിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങളുമായി പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ച്ചയും നടത്തുമെന്നാണ് വിവരം.

ഇതുവരെ നടന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ ഏറ്റവുമധികം ഇന്ത്യൻ താരങ്ങൾ പങ്കെടുത്ത ഒളിമ്പിക്സാണ് ടോക്കിയോയിലേത്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു രാജ്യത്തിനായി ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കല മെഡലും നേടിയി നേടി പി.വി സിന്ധുവും നേടി. ബോക്‌സിംഗിൽ ലവ്ലീന ബൊർഗൊഹെയിനും രാജ്യത്തിനായി മെഡൽ ഉറപ്പിച്ചിട്ടുണ്ട്.

ബെൽജിയത്തോട് സെമിയിൽ തോറ്റ ഇന്ത്യൻ ഹോക്കി ടീമും വെങ്കല മെഡലിനായി മത്സരത്തിനിറങ്ങുന്നുണ്ട്. മത്സരത്തിൽ ജർമ്മനിയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ പ്രവേശിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമും മെഡൽ പ്രതീക്ഷിക്കുന്നുണ്ട്.